ആഗോള വിപണിയിൽ ഇസ്രായേൽ-ഗാസ യുദ്ധഭീതി നിഴലിച്ചതോടെ ഇന്നും നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. യുദ്ധഭീതിക്ക് പുറമേ, ക്രൂഡോയിൽ വിലയിലെ കുതിപ്പും, ഉയർന്ന പലിശ നിരക്കും വെല്ലുവിളിയായതോടെ ആഭ്യന്തര സൂചികകൾ കനത്ത നഷ്ടമാണ് നേരിട്ടത്. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വീണ്ടും അടിസ്ഥാന നിരക്കുകൾ കൂട്ടുമോ എന്ന ആശങ്കയും നഷ്ടത്തിന്റെ ആക്കം കൂട്ടി. ബിഎസ്ഇ സെൻസെക്സ് 551 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 65,877-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 140 പോയിന്റ് നഷ്ടത്തിൽ 19,671-ലാണ് വ്യാപാരം പൂർത്തിയാക്കിയത്.
ബിഎസ്ഇയിൽ ഇന്ന് 1,436 ഓഹരികൾ നേട്ടത്തിലും, 2,268 ഓഹരികൾ നഷ്ടത്തിലും, 139 ഓഹരികൾ മാറ്റമില്ലാതെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, ആക്സിസ് ബാങ്ക്, ഇൻഡസ്ഇൻഡ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ കനത്ത നഷ്ടമാണ് നേരിട്ടത്. അതേസമയം, സിപ്ല, സൺ ടിവി നെറ്റ്‌വർക്ക്, പ്രസ്റ്റീജ് എസ്റ്റേറ്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ എൽക്സി തുടങ്ങിയവയുടെ ഓഹരികൾ നേട്ടം കുറിച്ചു.
Post Your Comments