മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ 20 ദിവസത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. സംഭവത്തിൽ ഇതേ കുടുംബത്തിലെ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യമായ ഗൂഢാലോചന നടത്തിയാണ് സ്ത്രീകൾ കുടുംബത്തിലെ മറ്റുള്ളവരെ കൊലപ്പെടുത്തിയത്. സംഘമിത്ര, റോസ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് രണ്ട് പേർക്കും അവരുടേതായ കാരണങ്ങളുണ്ടായിരുന്നു.
പ്രതികളിലൊരാളായ സംഘമിത്ര ഭർത്താവിനോടും അമ്മായിയമ്മയോടും അതൃപ്തിയിലായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എന്നാൽ, റോസ സ്വത്ത് തർക്കത്തെ തുടർന്നാണ് ഈ കടുംകൈ ചെയ്തത്. കുടുംബാംഗങ്ങളെ കൊലപ്പെടുത്താൻ നിറവും മണവും രുചിയുമില്ലാത്ത ഘനലോഹമായ ആഴ്സനിക് ആണ് ഇരുവരും ഉപയോഗിച്ചത്. സെപ്തംബർ 20 നാണ് ആദ്യത്തെ സംഭവം. ശങ്കര് കുംഭാരെയ്ക്കും ഭാര്യ വിജയയ്ക്കും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു. അവരുടെ ആരോഗ്യം അതിവേഗം വഷളായി. ദമ്പതികൾക്ക് ശരീരവേദന അനുഭവപ്പെടുകയും പിന്നീട് സ്ലോ വിഷബാധമൂലം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തു. അവരെ ആദ്യം അഹേരിയിലെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ചന്ദ്രാപൂരിലേക്ക് മാറ്റി. ആരോഗ്യനിലയിൽ മാറ്റമൊന്നും ഇല്ലാതായതിനെ തുടർന്ന് നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ശങ്കര് കുംഭാരെ സെപ്തംബര് 26ന് മരിച്ചു. ഒരു ദിവസത്തിന് ശേഷം ഭാര്യ മരിച്ചു.
മാതാപിതാക്കളുടെ വിയോഗത്തെ തുടർന്ന് വിഷമത്തിലായ അവരുടെ മക്കളായ – കോമൾ ദഹാഗോക്കർ, ആനന്ദ, മകൻ റോഷൻ കുംഭാരെ എന്നിവരെയും അധികം വൈകാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓരോ ദിവസം ചെല്ലുന്തോറും അവരുടെ നില വഷളായിക്കൊണ്ടിരുന്നു. കോമൾ ഒക്ടോബർ 8 നും ആനന്ദ 14 നും റോഷൻ കുംഭാരെ പിറ്റേന്നും മരിച്ചു.
കുടുംബാംഗങ്ങളുടെ മരണവാർത്തയറിഞ്ഞ് ശങ്കർ കുംഭാരെയുടെ മൂത്തമകൻ സാഗർ കുംഭാരെ ഡൽഹിയിൽ നിന്ന് ചന്ദ്രാപുരിലെത്തി. എന്നാൽ, വീട്ടിലെത്തിയ ശേഷം ഇയാൾക്കും അസുഖം പിടിപെട്ടു. ശങ്കറിനെയും വിജയയെയും ചന്ദ്രാപൂരിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയ കുംഭാരേസിന്റെ ഡ്രൈവർ രാകേഷ് മാധവിയെയും ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബത്തെ സഹായിക്കാൻ ചന്ദ്രാപുരും നാഗ്പൂരും സന്ദർശിച്ച ഒരു ബന്ധുവിനും സമാന അസുഖം ബാധിച്ചു. മൂവരുടെയും നില തൃപ്തികരമാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
മരിച്ച അഞ്ച് കുടുംബാംഗങ്ങൾക്കും ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന മൂന്നു പേർക്കും സമാനമായ ലക്ഷണങ്ങൾ കാണപ്പെട്ടതോടെയാണ് സ്ത്രീകളിലേക്ക് സംശയം നീണ്ടത്. കൈകാലുകളിൽ ഇക്കിളി, താഴത്തെ നടുക്ക് കഠിനമായ വേദന, തലവേദന, കറുത്ത ചുണ്ടുകൾ എന്നിവയായിരുന്നു ലക്ഷണങ്ങൾ. മരിച്ചവരും ചികിത്സയിൽ കഴിയുന്നവരും വിഷം കഴിച്ചതായി മെഡിക്കൽ ഓഫീസർ ആദ്യം സംശയിച്ചു. മഹാരാഷ്ട്രയിലെയും തെലങ്കാനയിലെയും വിവിധ ജില്ലകളിൽ അന്വേഷണം നടത്താൻ നാല് സംഘങ്ങളെ ഉടൻ രൂപീകരിച്ചു. തുടർന്ന് നടത്തിയ കുറ്റമറ്റ അന്വേഷണത്തിൽ, സംഘമിത്ര, റോസ എന്നീ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു.
‘അന്വേഷണത്തിനിടെ, ശങ്കര് കുംഭാരെയുടെ മരുമകളും റോഷൻ കുംഭാരെയുടെ ഭാര്യയുമായിരുന്ന സംഘമിത്രയെ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു. മാതാപിതാക്കളുടെ എതിർപ്പിന് വിരുദ്ധമായാണ് സംഘമിത്ര റോഷനെ വിവാഹം കഴിച്ചത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് അവളുടെ അച്ഛൻ ആത്മഹത്യ ചെയ്തു. അതിനുശേഷം അവൾ അസ്വസ്ഥയായിരുന്നു. കൂടാതെ, അവളുടെ ഭർത്താവും അവളുടെ അമ്മായിയപ്പനും അവളെ നിരന്തരം പരിഹസിച്ചു, ഇതാണ് കൊലപാതകം നടത്താൻ അവളെ പ്രേരിപ്പിച്ചത്’, ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
‘വിജയ കുംഭാരെയുടെ ഭാര്യാസഹോദരിയായിരുന്നു റോസ രാംടേകെ. അടുത്തുള്ള ഒരു വീട്ടിലാണ് അവർ താമസിച്ചിരുന്നത്. ഭർത്താവിന്റെ മാതാപിതാക്കളുടെ പൂർവ്വിക സ്വത്ത് ശങ്കര് കുംഭാരെയുടെ ഭാര്യയും സഹോദരിമാരും പങ്കിടുന്നതിനെച്ചൊല്ലി അവർക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. സംഘമിത്രയും റോസയും കൈകോർത്ത് കുടുംബാംഗങ്ങളെ കൊല്ലാൻ ഗൂഢാലോചന നടത്തി. കുടുംബാംഗങ്ങളെ കൊല്ലാൻ ഉപയോഗിക്കുന്ന വിഷങ്ങളെക്കുറിച്ച് അവർ ആദ്യം ഓൺലൈനിൽ ഗവേഷണം നടത്തി. റോസ രാംടെകെ തെലങ്കാനയിലേക്ക് പോയി, വെള്ളത്തിലോ ഭക്ഷണത്തിലോ കലർത്തി നൽകിയാൽ അന്വേഷണത്തിൽ ഒരിക്കലും കണ്ടെത്താനാകാത്ത തരത്തിലുള്ള വിഷം വാങ്ങി. ശങ്കര് കുംഭാരെയും ഭാര്യയും ചന്ദ്രാപൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ കുപ്പിയിൽ നിന്ന് വിഷം കലർത്തിയ വെള്ളം കുടിച്ചു. മറ്റുള്ളവർക്കും യുവതികൾ ഇത് നൽകി’, ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Post Your Comments