കാലടി: റൂറൽ ജില്ലയിൽ പോലീസിന്‍റെ നേതൃത്വത്തിലുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം ഒരു ലക്ഷം കടന്നു. പെരുമ്പാവൂർ സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്. 13085 അതിഥി ത്തൊഴിലാളികൾ. കുറുപ്പംപടി സ്റ്റേഷനിൽ 8750, മൂവാറ്റുപുഴ സ്റ്റേഷനിൽ 8500 പേരും, രജിസ്റ്റർ ചെയ്തു. ബിനാനിപുരം 7700, കുന്നത്തുനാട് 7200, അങ്കമാലി 5850 പേരും രജിസ്റ്റർ ചെയ്തു. ഞായറാഴ്ച മാത്രം പെരുമ്പാവൂരിൽ രജിസ്റ്റർ ചെയ്തത് 2250 അതിഥിത്തൊഴിലാളികളാണ്.
റൂറൽ ജില്ലയിൽ ഞായറാഴ്ച 12555 പേർ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി.റൂറൽ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലെ അതിഥി തൊഴിലാളികളുടെ ക്യാമ്പിലെത്തിയും ഡാറ്റ ശേഖരിച്ചും രജിസ്റ്റർ ചെയ്യുന്നുണ്ട്. ആലുവ റെയിൽവേ സ്റ്റേഷനിൽ കോളേജ് വിദ്യാർത്ഥികളുടെ സഹകരണത്തോടെ പ്രത്യേക കൗണ്ടർ തുറന്ന് രജിസ്ട്രേഷൻ ആരംഭിച്ചു. വാർഡ് മെമ്പർമാരുടെ സഹകരണത്തോടെ പ്രത്യേക സ്ഥലം തീരുമാനിച്ച് രജിസ്ട്രേഷൻ നടത്തുന്നുണ്ട്.
അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലത്ത് ചെന്ന് ഡാറ്റ കളക്ട് ചെയ്യുന്നുണ്ട്. രജിസ്ട്രേഷൻ നടപടികൾക്ക് പ്രത്യേക വാളൻറിയർ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. തൊഴിലാളികളുടെയും, തൊഴിലിടങ്ങളുടെയും കൃത്യവും സുതാര്യവുമായ കണക്കെടുക്കുന്നതിനും, സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് വിവരശേഖരണം നടത്തുന്നത്. മികച്ച രീതിയിൽ അതിഥി ത്തൊഴിലാളി രജിസ്ട്രേഷൻ നടത്തുന്ന റൂറൽ ജില്ലാ പോലീസിനെ മന്ത്രി പി.രാജീവ് കഴിഞ്ഞ ദിവസം മുപ്പത്തടത്ത് നടന്ന ചടങ്ങിൽ അഭിനന്ദിച്ചിരുന്നു.
Post Your Comments