KeralaIndia

ട്രെയിൻ വരുന്നത് കണ്ടു പുഴയിലേക്ക് ചാടിയത് വ്യാജ നിധി തട്ടിപ്പുസംഘം: പിടികൂടിയത് സാഹസികമായി

ട്രെയിൻ വരുന്നതിനിടെ റെയിൽവേ പാലത്തിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് നാലുപേർ ചാടിയ സംഭവത്തിൽ ട്വിസ്റ്റ്. സ്വർണനിധി നൽകാമെന്ന് വിശ്വസിപ്പിച്ച് നാലുലക്ഷം തട്ടിയെടുത്ത സംഘമാണ് പുഴയിൽ ചാടിയതെന്ന് കണ്ടെത്തി. നാലുപേരിൽ മൂന്നുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇവർ ഇതരസംസ്ഥാന തൊഴിലാളികളാണ്.

അസം സ്വദേശികളായ ജെ സി ബി ഡ്രൈവർമാരെ പെരുമ്പാവൂരിൽ നിന്ന് ചാലക്കുടി പൊലീസ് പിടികൂടുകയായിരുന്നു. പരിക്കേറ്റ് അങ്കമാലിയിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ കൂട്ടുപ്രതി അബ്ദുൽ കലാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.നാദാപുരം സ്വദേശികളായ രാജേഷ്, ലെനീഷ് എന്നിവരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നാദാപുരത്തു മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന അസം സ്വദേശി മുഹമ്മദ്‌ സിറാജുൽ ഇസ്ലാം രാജേഷിനോടും ലെനീഷിനോടും തങ്ങളുടെ സുഹ്യത്തിനു കെട്ടിടം പൊളിക്കുന്നതിനിടെ നിധി ലഭിച്ചതായി പറയുകയായിരുന്നു. ത്യശൂരിലെത്തി ഏഴു ലക്ഷം രൂപ നൽകിയാൽ വൻ ലാഭത്തിനു സ്വർണം ലഭിക്കുമെന്നും ഇയാൾ പറഞ്ഞു വിശ്വസിപ്പിച്ചു.

തുടർന്ന് രാജേഷും ലെനീഷും ഇയാൾക്കൊപ്പം കാറിൽ സ്വർണ ഇടപാടിനായി തൃശൂരിലെത്തി. മുഹമ്മദ്‌ സിറാജുൽ ഇസ്ലാം പരിചയപ്പെടുത്തിയ 3 പേർക്ക് ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ വച്ച് മുൻകൂറായി 4 ലക്ഷം രൂപ നൽകുകയും പകരം സ്വർണമാണെന്നു പറഞ്ഞ് പൊതി കൈമാറുകയും ചെയ്തു. എന്നാൽ ലഭിച്ചത് മുക്കുപണ്ടമാണെന്ന് ഇരുവരും തിരിച്ചറിഞ്ഞതോടെ പ്രതികൾ റെയിൽവേ ട്രാക്കിലൂടെ ഓടി രക്ഷപ്പെട്ടു.

തുടർന്ന് രാജേഷ് പോലീസിൽ പരാതി നൽകി. ആദ്യം പറഞ്ഞത് വാഹനം വാങ്ങാൻ കാശ് കൊടുത്തെന്നാണ്. എന്നാൽ കൂടുതൽ ചോദ്യം ചെയ്തതോടെ നിധിയുടെ കാര്യം തുറന്നു പറഞ്ഞു. തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.പൊലീസ് നടത്തിയ അന്വേഷണത്തിൽ പരിക്കേറ്റവർ അടക്കമുള്ള സംഘം മുരിങ്ങൂരിൽ നിന്ന് ഓട്ടോയിൽ കയറി രക്ഷപ്പെട്ടതായി വിവരം ലഭിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറെ കണ്ടെത്തി വിവരം ശേഖരിച്ച പൊലീസ് സംഘത്തിലുണ്ടായിരുന്ന അബ്ദുള്‍ കലാമിനെ കൈയ്ക്കും കാലിനും പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ നിന്ന് കണ്ടെത്തി. മറ്റുള്ളവർ കടന്നു കളയുകയും രക്ഷപെടാനായി പുഴയിൽ ചാടുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button