ലഖ്നൗ: ആവശ്യപ്പെട്ട സ്ത്രീധനം നൽകിയില്ലെന്നാരോപിച്ച് യുവതിയെ ഭർത്താവും പിതാവും ചേർന്ന് കൊലപ്പെടുത്തി. ദൃശ്യം മോഡൽ കൊലപാതകമാണ് നടന്നത്. കൊലപാതകത്തിന് ശേഷം യുവതിയുടെ മൃതദേഹം വീടിന്റെ തറയിൽ കുഴിച്ചിട്ടു. ഉത്തർ പ്രദേശിലെ അസംഗഢിലാണ് സംഭവം. ജജ്മാൻപൂർ സ്വദേശിനിയായ അനിതയെന്ന 22കാരിയാണ് കൊല്ലപ്പെട്ടത്.
യുവതിയുടെ ഭർത്താവിന്റെ കുടുംബാംഗങ്ങളെല്ലാം ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. അസംഗഢിലെ ജജ്മാൻപൂർ ഗ്രാമത്തിലാണ് ദാരുണമായ സംഭവം. അനിതയുടെ ഭർത്താവ് സൂരജ് ഇയാളുടെ പിതാവ് എന്നിവരാണ് കൊലപാതകം നടത്തിയത്. മർദ്ദിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ട്. യുവതിയുടെ ഭർത്താവും പിതാവും ഒളിവിലാണെന്നും പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.
വീടിന്റെ തറയിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തതെന്ന് എസ്പി സഞ്ജയ് കുമാർ പറഞ്ഞു. യുവതിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി അയച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് നിർണായകമാകുമെന്ന് പോലീസ് വ്യക്തമാക്കി. സമീപവാസികളിൽ നിന്ന് പോലീസ് വിവരം ശേഖരിക്കുന്നുണ്ട്.
Post Your Comments