ന്യൂഡല്‍ഹി: ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. കാമുകനെ കഷായത്തില്‍ വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. കാമുകനായിരുന്ന ഷാരോണിനെ കൊന്ന കേസിന്റെ വിചാരണ നെയ്യാറ്റിന്‍കരയില്‍ നിന്ന് നാഗര്‍കോവിലിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്. കുറ്റകൃത്യം നടന്ന സ്ഥലം തമിഴ്‌നാട്ടിലെന്ന് പൊലീസ് പറയുന്നതിനാല്‍ വിചാരണ മാറ്റണം എന്നായിരുന്നു ഗ്രീഷ്മയുടെ വാദം.
Read Also; മഴ മുന്നറിയിപ്പ്: ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ
കുറ്റപത്രം സ്വീകരിച്ചതിനെതിരെ വിചാരണ കോടതിയെ വീണ്ടും സമീപിക്കാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ ഇടപെടുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.
ഗ്രീഷ്മക്കൊപ്പം മറ്റുപ്രതികളായ അമ്മയും അമ്മാവനും ഹര്‍ജികള്‍ നല്‍കിയിരുന്നു. ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി എന്നാണ് കേസ്. നിലവില്‍ കേരളത്തില്‍ നടക്കുന്ന വിചാരണ നാഗര്‍കോവില്‍ കന്യാകുമാരിലെ ജെഎംഎഫ് സി കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്താണ് പ്രതികളുടെ വീട്. സംഭവം നടന്നത് തമിഴ്‌നാട്ടിലായതിനാല്‍ വിചാരണയും അവിടെ നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അഭിഭാഷകന്‍ ശ്രീറാം പാറക്കാട്ടാണ് പ്രതികള്‍ക്കായി ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
കേസിലെ നടപടികള്‍ കേരളത്തില്‍ നടക്കുന്നത് പ്രതികള്‍ക്ക് ലഭിക്കേണ്ട നീതി ഉറപ്പാക്കാന്‍ തടസമാകും, കൂടാതെ കന്യാകുമാരിയില്‍ നിന്ന് വിചാരണ നടപടികള്‍ക്കായി കേരളത്തിലേക്ക് എത്തുന്നതിന് പ്രയോഗിക ബുദ്ധിമുട്ടുകളുണ്ട് എന്നിവ ചൂണ്ടിക്കാട്ടിയാണ് പുതിയ ഹര്‍ജി സുപ്രീം കോടതിയില്‍ നല്‍കിയിരുന്നത്. കാമുകനെ കഷായത്തില്‍ വിഷം കൊടുത്തു കൊന്ന ഗ്രീഷ്മ 11 മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞമാസം അവസാനമാണ് ജാമ്യം ലഭിച്ച് ജയില്‍ മോചിതയായത്.
Post Your Comments