രാജ്യത്തെ പ്രമുഖ യുപിഐ സേവന ദാതാക്കളായ പേടിഎം ബാങ്കിന് കോടികളുടെ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കെവൈസി മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് പേടിഎമ്മിന് 5.39 കോടി രൂപയുടെ പിഴയാണ് ചുമത്തിയിരിക്കുന്നത്. ബാങ്കിംഗ് റെഗുലേഷൻ നിയമപ്രകാരം, ഉപഭോക്താക്കളുടെ വിവരങ്ങൾ കൃത്യമായി ശേഖരിക്കുന്നതിൽ പേടിഎമ്മിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് റിസർവ് ബാങ്ക് കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമേ സൈബർ സുരക്ഷ ഉറപ്പുവരുത്തുന്നതിലും പേടിഎം പരാജയപ്പെട്ടിട്ടുണ്ടെന്ന് റിസർവ് ബാങ്ക് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പേടിഎമ്മിന് ഉണ്ടായ പോരായ്മയാണ് നടപടിക്ക് കാരണമെന്നും, ബാങ്കിന്റെ ഇടപാടുകളെയോ, അവരുമായുള്ള കരാറുകളെയോ ബാധിക്കുന്നതല്ല ഈ നടപടിയെന്നും ആർബിഐ വ്യക്തമാക്കി.
കെവൈസിയുമായി ബന്ധപ്പെട്ട് പേടിഎം പ്രത്യേക ഓഡിറ്റ് നടത്തിയിരുന്നു. ഇതിൽ വീഴ്ചകൾ കണ്ടെത്തിയതോടെയാണ് പിഴ ചുമത്തിയത്. രാജ്യത്തിന് പുറത്തുനിന്നുള്ള ഐപി വിലാസങ്ങളിൽ നിന്നുള്ള കണക്ഷനുകൾ തടയുന്നതിൽ പേടിഎം പേയ്മെന്റ് ബാങ്കിന് പരാജയം സംഭവിച്ചിട്ടുണ്ടെന്ന് ഓഡിറ്റിൽ കണ്ടെത്തിയിട്ടുണ്ട്. പേടിഎമ്മിന്റെ വീഡിയോ അടിസ്ഥാനമാക്കിയുള്ള കസ്റ്റമർ ഐഡന്റിഫിക്കേഷൻ പ്രോസസിലാണ് ഇന്ത്യക്ക് പുറത്തുനിന്നുള്ള ഐപി കണക്ഷനുകൾ ഉണ്ടായത്. ഇത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് ആർബിഐ ചൂണ്ടിക്കാട്ടി.
Also Read: മലയാളി മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കപ്പല്‍ യാത്രക്കിടെ കാണാതായി
Post Your Comments