ന്യൂഡല്‍ഹി: സ്വയം പ്രഖ്യാപിത ആൾദൈവമെന്ന പേരിൽ ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച 35കാരന് അറസ്റ്റിൽ. ആൾദൈവമാണെന്ന പേരിൽ ആളുകളെ കബളിപ്പിക്കുന്ന വിനോദ് കശ്യപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡെല്‍ഹി കക്റോള പ്രദേശത്ത് ആശ്രമം സ്ഥാപിച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്.
ആയിരക്കണക്കിന് ഫോളോവർമാരുള്ള യൂട്യൂബ് ചാനലും ഈ ആശ്രമത്തിന്റെ പേരിൽ ഉണ്ട്. ദ്വാരക നോർത്ത് പൊലീസ് സ്റ്റേഷനിൽ രണ്ടു സ്ത്രീകൾ ഇയാൾക്കെതിരെ പീഡന പരാതി നൽകിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഇയാളുടെ അടുത്തേക്ക് എത്തുന്ന സ്ത്രീകളെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കാമെന്നു പറഞ്ഞാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്.
തങ്ങളുടെ ആഭരണം ഉൾപ്പെടെ വിറ്റാണ് സ്ത്രീകൾ ഇയാൾക്ക് പണം നൽകിയത്. രണ്ടു കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണ്. വന്ധ്യത മുതൽ കുടുംബത്തിലെ തർക്കങ്ങൾ വരെയുള്ള വിവിധ പ്രശ്നങ്ങളിൽ താൻ പരിഹാരം കാണുമെന്നാണ് ഇയാൾ പ്രസംഗങ്ങളിൽ വെളിപ്പെടുത്തിയിരുന്നത്.
രണ്ട് പരാതിയിലും ഭക്തകളായ സ്ത്രീകളെ അവരുടെ പ്രശ്നം പരിഹരിക്കാനെന്ന വ്യാജേന ഇയാൾ ക്ഷണിക്കുകയായിരുന്നു. തുടർന്ന് പരിഹാരത്തിന് ‘ഗുരുസേവ’ ചെയ്യൽ നിർബന്ധമാണെന്ന് പറഞ്ഞശേഷം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നും ഇയാൾ സ്ത്രീകളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.
Post Your Comments