ചാലക്കുടി: പാക്കിംഗ് ആവശ്യങ്ങൾക്കായി കൊണ്ടുപോയ ലോഹ നിർമിത ഷീറ്റുകൾ നാഷണൽ പെർമിറ്റ് ലോറിയിൽനിന്നു ബെൽറ്റ് പൊട്ടി റോഡിലേക്ക് വീണു. തൊട്ടുപിന്നിലും വശങ്ങളിലുമായി മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
കൊരട്ടി ദേശീയപാത സിഗ്നൽ ജംഗ്ഷനിൽ പുലർച്ചെ ആറോടെയായിരുന്നു സംഭവം. ചെന്നൈയിൽ നിന്ന് അങ്കമാലിയിലേക്ക് വന്ന ലോറി സിഗ്നലിൽ ചുവപ്പ് ലൈറ്റ് തെളിയുന്നതിന് മുൻപായി ഡ്രൈവർ വേഗത്തിൽ എടുക്കാൻ ശ്രമിക്കുകയും പൊടുന്നനെ ബ്രേക്കിട്ടതിനെ തുടർന്ന് വാഹനം ഉലഞ്ഞ് ചരക്ക് കെട്ടിയിരുന്ന ബെൽറ്റ് പൊട്ടി ഷീറ്റുകൾ റോഡിലേക്ക് വീഴുകയുമായിരുന്നു. 100 കിലോഗ്രാമിലേറെ ഭാരമുള്ളതായിരുന്നു ലോഹ നിർമിതമായ ഓരോ ഷീറ്റുകളും.
കൊരട്ടി പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി ക്രെയിനിന്റെ സഹായത്തോടെയാണ് റോഡിൽ വീണ ഇരുമ്പ് ഷീറ്റുകൾ നീക്കിയത്. ഷീറ്റുകൾ വീണതിനെ തുടർന്ന്, സർവീസ് റോഡിലൂടെയാണ് വാഹന കടത്തിവിട്ടത്. ഗതാഗതം സാധാരണ നിലയിലാകാൻ ഒരു മണിക്കൂറിലേറെ സമയമെടുത്തു.
Post Your Comments