തൃശ്ശൂർ: ടെലഗ്രാം ആപ്പ് വഴി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന യുവാവ് തൃശ്ശൂരിൽ പിടിയില്‍. വല്ലച്ചിറ സ്വദേശി അഭിരാഗ് ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 4.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
വല്ലച്ചിറ ലക്ഷം വീട് കോളനിയിലെ ഒരു വീട് കേന്ദ്രീകരിച്ചു വ്യാപകമായി മയക്കുമരുന്ന് കച്ചവടം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അഭിരാഗ് പിടിയിലായത്. ടെലഗ്രാം ആപ്പ് വഴി കോളേജ് വിദ്യാർത്ഥികൾക്കാണ് ഇയാൾ മയക്കുമരുന്ന് വിറ്റിരുന്നത്. സ്വന്തം അക്കൗണ്ടിൽ പണം വാങ്ങാതെ മറ്റു പല അക്കൗണ്ടുകളിലൂടെയാണ് പണമിടപാട് നടത്തിയിരുന്നത്. മയക്കു മരുന്ന് വിറ്റു കിട്ടുന്ന പണവുമായി ഗോവ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ വിനോദയാത്രയ്ക്ക് പോകും. തിരിച്ചു വരുമ്പോൾ വിൽപ്പനയ്ക്കുള്ള മയക്കുമരുന്ന് കൊണ്ടുവരികയും ചെയ്യും. ഇവ ചെറിയപൊതികളിലാക്കിയാണ് വിൽപ്പന നടത്തിയിരുന്നത്. മയക്കുമരുന്നിന്റെ തൂക്കം കൂട്ടാനായി ചില്ലുകൾ ബൾബുകൾ തുടങ്ങിയവ ഇവർ അരച്ചു ചേർത്തിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അഭിരാഗിന് സഹായം ചെയ്തിരുന്ന വീട്ടുടമ വിഷ്ണുവിനെയും കേസിൽ പ്രതി ചേര്‍ത്തു.
Post Your Comments