കേന്ദ്ര കൃഷിമന്ത്രാലയ ജോ. സെക്രട്ടറി അജീത് കുമാർ സാഹു നയിക്കുന്ന സംഘത്തിന്റെ മുന്നിൽ ബെലഗാവി ജില്ലയിലെ കർഷകൻ അപ്പാ സാഹെബ് ലക്കുണ്ടിയാണ് നിയന്ത്രണം വിട്ട് പ്രതികരിച്ചത്. എഴുപതുകാരനായ അദ്ദേഹത്തിന്റെ കൈയിൽ നിന്ന് പൊലീസ് കീടനാശിനി കുപ്പി തട്ടിമാറ്റി.തന്റെ 40 ഏക്കർ കൃഷിഭൂമി പൂർണമായി നശിച്ചു എന്ന് കർഷകൻ വിലപിച്ചു.
തലമുറകളായി പലതരം കൃഷികൾ ചെയ്തു വരുന്ന ഭൂമിയാണ്. ഇങ്ങിനെ ഒരു അവസ്ഥ തന്റെ അനുഭവത്തിലോ പൂർവികർ പറഞ്ഞു കേട്ട അറിവോ ഇല്ല. കർണാടക സർക്കാർ സ്ത്രീകൾക്ക് സൗജന്യ പദ്ധതികൾ നടപ്പാക്കുന്നതല്ലാതെ കർഷകരെ ഗൗനിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഈ കർഷകന്റേത് കർഷകരുടെ പൊതു അവസ്ഥയോടുള്ള പ്രതികരണമാണെന്ന് കേന്ദ്ര സംഘത്തെ അനുഗമിച്ച ബെലഗാവി ജില്ല ഡെപ്യൂട്ടി കമ്മീഷണർ നിതീഷ് പടിൽ സാഹുവിനെ അറിയിച്ചു.
മൂന്ന് സംഘങ്ങളായാണ് 10 പേരടങ്ങുന്ന കേന്ദ്ര പ്രതിനിധികൾ കർണാടകയിൽ സന്ദർശനം നടത്തുന്നത്. കുടിവെള്ള അഡീഷനൽ ഉപദേഷ്ടാവ് ഡി. രാജശേഖർ നയിക്കുന്ന രണ്ടാമത്തെ സംഘം ശനിയാഴ്ച ഗഡക്, കൊപ്പൽ ജില്ലകളും ഞായറാഴ്ച വിജയനഗര, ബല്ലാരി ജില്ലകളും സന്ദർശിക്കും. ജല ആയോഗ് ഡയറക്ടർ അശോക് കുമാർ നയിക്കുന്ന മൂന്നാം സംഘം ചിത്രദുർഗ, ചിക്കബല്ലപ്പൂർ, ദാവൺഗരെ, ബംഗളൂരു റൂറൽ എന്നീ ജില്ലകളിൽ വരും ദിവസങ്ങളിൽ സന്ദർശനം നടത്തും. തിങ്കളാഴ്ച മൂന്ന് സംഘവും ഡൽഹിയിൽ സമ്മേളിച്ച് ഏകോപനം നടത്തി സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും.
അതേസമയം, കർണാടക സർക്കാർ 6000 കോടി രൂപ വരൾച്ച ദുരിതാശ്വാസ സഹായമാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഡൽഹിയിൽ ബന്ധപ്പെട്ട മന്ത്രിമാരെ സന്ദർശിച്ച് മഴ ലഭ്യത കുറഞ്ഞതിനാൽ സംസ്ഥാനം അനുഭവിക്കുന്ന പ്രയാസം അറിയിച്ചിരുന്നു. കർണാടകയിൽ 195 താലൂക്കുകൾ വരൾച്ച ബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. 32എണ്ണം കൂടി ഈ ഗണത്തിൽപെടുത്തേണ്ട അവസ്ഥയിലാണ്. 42 ലക്ഷം ഹെക്ടർ കൃഷിഭൂമി വിളനാശം നേരിട്ടു എന്നാണ് സർക്കാർ കണക്ക്.
Post Your Comments