വടക്കൻ സിക്കിമിലെ ലൊണാക് തടാകത്തിന് മുകളിലുള്ള മേഘവിസ്ഫോടനത്തെത്തുടർന്ന് ടീസ്റ്റ നദീതടത്തിൽ അപ്രതീക്ഷത വെള്ളപ്പൊക്കമുണ്ടായി നിരവധി പേർ മരിച്ചു. മരണസംഖ്യ 17 ആയി ഉയർന്നു. വെള്ളപ്പൊക്കത്തിൽ കാണാതായ 20 സൈനികരിൽ ആറ് പേരുടെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച പുലർച്ചെയുണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്ന് 104-ലധികം പേരെ കാണാതായി.
മംഗൻ ജില്ലയിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടു, 17 പേരെ കാണാതായി. ഏകദേശം 700 ഓളം താമസക്കാരെ ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. എട്ട് പാലങ്ങൾ ഒലിച്ചുപോയി. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 1,715 പേരെ പാർപ്പിച്ചിരിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സിക്കിം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
ഗാങ്‌ടോക്ക് ജില്ലയിൽ അഞ്ച് പേർ മരണപ്പെടുകയും 22 പേരെ കാണാതാവുകയും ചെയ്തു. 1,025 താമസക്കാരെ അധികൃതർ ഒഴിപ്പിച്ചു. മൂന്ന് പാലങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. മാംഗൻ ജില്ലയ്ക്ക് സമാനമായി 1,715 പേർ ഗാങ്‌ടോകിലും ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടി. നാംചി ജില്ലയിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ നിലവിൽ അഞ്ച് പേരെ കാണാതായിട്ടുണ്ട്. ബാധിത പ്രദേശങ്ങളിൽ നിന്ന് ഏകദേശം 630 താമസക്കാരെ ഒഴിപ്പിച്ചു. രണ്ട് പാലങ്ങൾ ഒലിച്ചുപോയി. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 2,107 പേർക്ക് അഭയം നൽകിയിട്ടുണ്ട്.
ഏറ്റവും വിനാശകരമായ ആഘാതം അനുഭവപ്പെട്ടത് പാക്യോങ് ജില്ലയിലാണ്, ആറ് സൈനികർ ഉൾപ്പെടെ ആകെ 10 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 59 പേരെ കാണാതായി, 56 പേരെ ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ചു. ഈ ജില്ലയിൽ പാലങ്ങളൊന്നും ഒലിച്ചുപോയതായി റിപ്പോർട്ടില്ലെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വിവിധ സ്ഥലങ്ങളിലായി 2,107 പേരെ പാർപ്പിച്ചിട്ടുണ്ട്.
Post Your Comments