ഗാങ്‌ടോക്: വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ അപ്രതീക്ഷിതമായി ഉണ്ടായ മേഘവിസ്ഫോടനം ടീസ്റ്റ നദിയിലെ ജലനിരപ്പ് ഉയരാൻ കാരണമായി. ഇത് വെള്ളപ്പൊക്കത്തിലേക്ക് നയിച്ചു. ഇതുവരെ 14 പേരാണ് വെള്ളപ്പൊക്കത്തിൽ മരണപ്പെട്ടത്. 102 ഓളം പേരെ കാണാതായതായി സർക്കാർ അറിയിച്ചു. കാണാതായവരിൽ 22 സൈനികരും ഉൾപ്പെടും. അപകടത്തിൽപ്പെട്ട ഒരു സൈനികനെ സാഹസികമായി രക്ഷപ്പെടുത്തിയിരുന്നു. 20,000 ത്തിലധികം ആളുകളെ ദുരന്തം ബാധിച്ചിട്ടുണ്ട്.
വിനോദസഞ്ചാരികളായ മലയാളികൾ ഉൾപ്പെടെ നിരവധിപേർ വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. 3000 ത്തിലധികം ടൂറിസ്റ്റുകളാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. പുലർച്ചെ 1:30 ഓടെ ആരംഭിച്ച വെള്ളപ്പൊക്കം ചുങ്‌താങ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതാണ് കൂടുതൽ രൂക്ഷമാക്കിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ടീസ്റ്റ സ്റ്റേജ് 3 ഡാമിന്റെ നിര്‍മാണത്തിനെത്തിയ തൊഴിലാളികളും കുടുങ്ങി കിടക്കുകയാണ്. ഡാമിന്റെ ടണലിലാണ് ഇവര്‍ കുടുങ്ങിയിരിക്കുന്നത്.
ചുങ്താങ്ങിനും റാങ്പോയ്ക്കുമിടയിൽ ആറുപാലങ്ങൾ ഒലിച്ചുപോയി. ചുങ്താങ് അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിട്ടത് സ്ഥിതി ഗുരുതരമാക്കി. സിങ്തമിനടുത്ത് ബർദാങ്ങിൽ നിർത്തിയിട്ടിരുന്ന 41 കരസേനാവാഹനങ്ങൾ ചെളിയിൽ മുങ്ങിപ്പോവുകയും ഒലിച്ചുപോവുകയും ചെയ്തു. മഴയും കാറ്റും തുടരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. ബംഗാളിലും ബംഗ്ലാദേശിലും പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗാളിലെ ജൽപായ്ഗുരിയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
Post Your Comments