Latest NewsNewsIndia

ഭയപ്പെടുത്തി ടീസ്റ്റ നദി, ഭീകരം ആ മണിക്കൂറുകൾ; ദുരന്തം വിവരിച്ച് പ്രദേശവാസികൾ

ഗാങ്‌ടോക്: വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ അപ്രതീക്ഷിതമായി ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് ടീസ്റ്റ നദിയിലെ ജലനിരപ്പ് ഉയർന്ന് വലിയൊരു വെള്ളപ്പൊക്കത്തിന് കാരണമായി. 14 ലധികം പേരുടെ ജീവനെടുത്ത പ്രളയത്തിന്റെ നടുക്കുന്ന ഓർമയിലാണ് പ്രദേശവാസികൾ. 28 കാരിയായ മിഷ്തി ഹൽദാർ ബുധനാഴ്ച രാവിലെ ഉണർന്നപ്പോൾ സിലിഗുരിക്ക് സമീപമുള്ള മതിഗരയിലെ തന്റെ പൂമുഖത്ത് തൊട്ടടുത്തുകൂടി ടീസ്റ്റ നദി ഒഴുകുന്ന കാഴ്ചയായിരുന്നു കണ്ടത്. അത് അപ്രതീക്ഷിതമായിരുന്നു. അതിനാൽ തന്നെ ഭയാനകവും. അവളുടെ വീട്ടിൽ നിന്ന് 250 മീറ്റർ അകലെ ദൂരെയായിരുന്നു തലേന്ന് രാത്രി വരെ നദി. വീടിനു മുറ്റത്ത് കൂടി അതിവേഗം കുത്തിയൊലിച്ച് ഒഴുകുന്ന നദിയിൽ പാത്രങ്ങളും മൃഗങ്ങളുടെ ശവശരീരങ്ങളും ഉണ്ടായിരുന്നു. ആ കാഴ്ച മിഷ്തിയെ ചെറുതൊന്നുമല്ല ഭയപ്പെടുത്തിയത്.

‘സിക്കിമിലെ പെട്ടെന്നുള്ള വെള്ളപ്പൊക്കവും മഴയും കാരണം നദി ഒറ്റരാത്രികൊണ്ട് കരകവിഞ്ഞൊഴുകി. ഞങ്ങളുടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. വിനോദസഞ്ചാരികളോ പട്ടാളക്കാരോ, ഇവരിൽ ആരോ താമസിച്ചിരുന്ന ക്യാമ്പുകൾ വെള്ളപ്പൊക്കത്തിൽ ഒലിച്ച് പോയി. അതൊരു അവിശ്വസനീയമായ കാഴ്ചയായിരുന്നു’, ഹൽദാർ എന്ന വീട്ടമ്മ പറഞ്ഞു. വെള്ളപ്പൊക്കം ഉയരുന്നതിനാൽ ഉടൻ തന്നെ അടുത്തുള്ള സ്കൂളിലേക്ക് മാറാൻ പൊലീസ് തങ്ങളോട് ആവശ്യപ്പെട്ടുവെന്നും ഇവർ വ്യക്തമാക്കി.

ജീവനും കയ്യിൽ പിടിച്ച്, രണ്ട് പെട്ടിയിൽ അത്യാവശ്യം വേണ്ടതും പ്രധാനപ്പെട്ടതുമായ സാധങ്ങളും എടുത്തുകൊണ്ടായിരുന്നു പ്രദേശവാസികൾ വീട്ടിൽ നിന്നും ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറിയത്. ഭാഗ്യവശാൽ, വ്യാഴാഴ്ചയോടെ ജലനിരപ്പ് താഴ്ന്നു. ഹൽദാറിനും മറ്റ് നൂറുകണക്കിന് ആളുകൾക്കും വീട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞു. എന്നിരുന്നാലും, മറ്റ് പലരും സംസ്ഥാന സർക്കാർ രൂപീകരിച്ച താൽക്കാലിക വെള്ളപ്പൊക്ക ഷെൽട്ടറുകളിൽ കുടുങ്ങിക്കിടക്കുകയാണ്.

അതേസമയം, ഇതുവരെ 14 പേരാണ് വെള്ളപ്പൊക്കത്തിൽ മരണപ്പെട്ടത്. 102 ഓളം പേരെ കാണാതായതായി സർക്കാർ അറിയിച്ചു. കാണാതായവരിൽ 22 സൈനികരും ഉൾപ്പെടും. അപകടത്തിൽപ്പെട്ട ഒരു സൈനികനെ സാഹസികമായി രക്ഷപ്പെടുത്തിയിരുന്നു. 20,000 ത്തിലധികം ആളുകളെ ദുരന്തം ബാധിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളായ മലയാളികൾ ഉൾപ്പെടെ നിരവധിപേർ വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. 3000 ത്തിലധികം ടൂറിസ്റ്റുകളാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button