തൃശൂർ: ടൂറിസ്റ്റ് ഹോമിൽ എക്സൈസ് വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 56.65 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പ്രതികൾ ഒളിവിലാണ്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ജുനൈദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
എം.ഡി.എം.എയ്ക്ക് പുറമെ വെയിങ് മെഷീൻ, മൂന്ന് ബണ്ടിൽ സിബ് ലോക്ക് കവറുകൾ, ഹഷീഷ് ഓയിൽ അടങ്ങിയ ചില്ലു ഗ്ലാസ്, ഹഷീഷ് ഓയിൽ പാക്ക് ചെയ്യാൻ ഉപയോഗിച്ച 111 പ്ലാസ്റ്റിക് ഡബ്ബകൾ, എം.ഡി.എം.എ സൂക്ഷിച്ച ലതർ ബാഗ് എന്നിവയും റൂമിൽ നിന്ന് കണ്ടെടുത്തു. റൂമിൽ നിന്ന് കണ്ടെത്തിയ ഡയറിയിൽ എം.ഡി.എം.എയും ഹഷീഷ് ഓയിലും മറ്റും കച്ചവടം നടത്തിയതിന്റെ വിശദവിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
Read Also : ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങി: റവന്യൂ ഇൻസ്പെക്ടർ വിജിലന്‍സ് പിടിയില്‍
കൂർക്കഞ്ചേരി ഭാഗത്ത് എം.ഡി.എം.എയുമായി എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായ കണ്ണംകുളങ്ങര സ്വദേശി ശ്രീജിത്തിനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. തൃശൂർ സ്വദേശികളായ ശരത്ത്, ഡിനോ എന്നിവർ തൃശൂർ വോൾഗ ടൂറിസ്റ്റ് ഹോമിൽ റൂമെടുത്ത് എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും വിൽക്കുന്നുണ്ടെന്നായിരുന്നു വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവർ താമസിച്ചിരുന്ന മുറിയിൽ എക്സൈസിന്റെ പരിശോധന.
ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ പുരോഗമിക്കുന്നതായി എക്സൈസ് അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ എൻ. സുദർശനകുമാർ, പ്രിവൻറിവ് ഓഫീസർമാരായ കെ.എസ്. ഗിരീഷ്, എം.എം. മനോജ്, പ്രിവൻറിവ് ഓഫീസർ (ഗ്രേഡ്) സുനിൽ ദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി.എം. ഹരീഷ്, സനീഷ് കുമാർ, വനിത സിവിൽ എക്സൈസ് ഓഫീസർ പിങ്കി മോഹൻ ദാസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Post Your Comments