
കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ വരുമാനം നേടാൻ സാധിക്കുന്ന ജോലികളെ കുറിച്ചുള്ള പരസ്യങ്ങൾ ഇന്ന് ഓൺലൈൻ വിപണിയിൽ സുലഭമാണ്. അത്തരത്തിൽ പാർട്ട് ടൈം ജോലി ചെയ്ത് പണം നേടാമെന്നുള്ള മോഹന വാഗ്ദാനത്തിൽ കുടുങ്ങി ലക്ഷങ്ങൾ നഷ്ടമായ യുവതിയുടെ വാർത്തയാണ് സൈബർ ലോകം ചർച്ച ചെയ്യുന്നത്. ഓൺലൈൻ ജോലി തട്ടിപ്പിന് ഇരയായ 33-കാരി ധീന സുധ എന്ന യുവതിക്ക് നഷ്ടമായത് 15 ലക്ഷം രൂപയാണ്. ടെലഗ്രാമിൽ വന്ന അജ്ഞാത സന്ദേശമാണ് തട്ടിപ്പിന്റെ തുടക്കം. ഹോട്ടലുകൾക്ക് റേറ്റിംഗുകൾ നൽകുന്ന പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്താണ് യുവതിയെ തട്ടിപ്പിന്റെ വഴിയിലേക്ക് കൊണ്ടുവന്നത്. വിശ്വസനീയമായ രീതിയിൽ ആശയവിനിമയം നടത്തി മോഹന വാഗ്ദാനങ്ങളാണ് തട്ടിപ്പുകാർ യുവതിക്ക് നൽകിയത്.
തുടക്കത്തിൽ ഹോട്ടലുകൾക്ക് റേറ്റിംഗ് നൽകാൻ ആരംഭിച്ചതോടെ മികച്ച വരുമാനം തന്നെ യുവതിയുടെ അക്കൗണ്ടിലേക്ക് എത്തി. പിന്നീട് കൂടുതൽ സാമ്പത്തിക നേട്ടങ്ങൾക്കായി ഓൺലൈനിൽ പണം നിക്ഷേപിക്കാനാണ് തട്ടിപ്പുകാർ പ്രേരിപ്പിച്ചത്. ചെയ്യുന്ന ജോലിയുടെ പ്രതിഫലം അക്കൗണ്ടിലേക്ക് ക്രെഡിറ്റായതോടെ യുവതി ഇവരെ പൂർണ്ണമായി വിശ്വസിക്കുകയും, ലക്ഷങ്ങളുടെ നിക്ഷേപം നടത്തുകയുമായിരുന്നു. ഒരു മാസത്തിനിടെ, ഓഗസ്റ്റ് 7-നും സെപ്റ്റംബർ 11 നും ഇടയിൽ 15,74,257 രൂപയാണ് യുവതിക്ക് നഷ്ടമായത്.
നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് വിവരം യുവതി മനസിലാക്കുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഉയർന്ന ജോലി ഭാരമില്ലാതെ വലിയ സാമ്പത്തിക നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളെക്കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. അജ്ഞാത വ്യക്തികളിൽ നിന്നുള്ള നിയമവിരുദ്ധമായ ലിങ്കുകൾ തുറക്കാനോ, ആശയവിനിമയം നടത്താനോ പാടുള്ളതല്ല. തട്ടിപ്പാണെന്ന് സംശയം തോന്നിയാൽ ഉടൻ തന്നെ ബന്ധപ്പെട്ടവരെ വിവരം അറിയിക്കേണ്ടതാണ്.
Post Your Comments