കോഴിക്കോട്‍: സി.പി.എം സംസ്ഥാന സമിതിയംഗം അഡ്വ. കെ. അനിൽകുമാറിന്‍റെ ‘തട്ടം’ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്‍റ് അഡ്വ. ഫാത്തിമ തഹ്‌ലിയ. തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് സംഘികൾക്ക് മാത്രമല്ല, കാവി കമ്യൂണിസ്റ്റുകൾക്ക് കൂടിയാണെന്ന് ഫാത്തിമ തഹ്‌ലിയ ഫേസ്ബുക്കിൽ കുറിച്ചു.
ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഇസ്ലാം മതവിശ്വാസികൾ പ്രാകൃതരാണ്, ആറാം നൂറ്റാണ്ടിലെ ബോധം പേറുന്നവരാണ് എന്നും മനുഷ്യൻ ആവണമെങ്കിൽ മതം ഉപേക്ഷിക്കണം എന്നും സി.പി.എം ഇത്രയും നാൾ ഒളിഞ്ഞു മാത്രമാണ് പറഞ്ഞിരുന്നത്. ഇപ്പോൾ അത് തെളിയിച്ചു പറഞ്ഞിരിക്കുന്നു അവർ.
തട്ടം ഉപേക്ഷിക്കുന്ന പെൺകുട്ടികൾ തങ്ങളുടെ പ്രവർത്തന നേട്ടമായി ആഘോഷിക്കുന്ന സി.പി.എം എത്ര മാത്രം ഇസ്ലാമോഫോബിയ പേറുന്നവരാണ്? തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് സംഘികൾക്ക് മാത്രമല്ല, കാവി കമ്മ്യൂണിസ്റ്റ്കൾക്ക് കൂടിയാണ്. കേരളത്തിലെ ആർ.എസ്.എസിന്റെ എ ടീം സി.പി.എം ആണ്. ബി.ജെ.പി കേരളത്തിൽ ആർ.എസ്.എസിന്റെ ബി ടീം മാത്രമാണ്!
ഞായറാഴ്ച തിരുവനന്തപുരത്ത് നടന്ന നാസ്തിക സമ്മേളനത്തിലായിരുന്നു സി.പി.എം സംസ്ഥാന സമിതിയംഗം അഡ്വ. കെ. അനിൽ കുമാറിന്റെ തുറന്നുപറച്ചിൽ. മലപ്പുറത്ത് തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികളുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്നാണ് കെ. അനിൽകുമാർ പറഞ്ഞു. മുസ് ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിന് നന്ദി പറയേണ്ടത് കമ്യൂണിസ്റ്റ് പാർട്ടിയോടാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments