കോഴിക്കോട്: തട്ടം വേണ്ട എന്ന് പറയുന്ന മുസ്ലിം പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തന ഫലമായാണെന്ന സിപിഎം നേതാവ് കെ അനിൽ കുമാറിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ രംഗത്ത്. ‘തട്ടം തട്ടി മാറ്റല്‍’ പുരോഗതി അല്ല അധോഗതിയാണെന്നും സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തായെന്നും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി.
‘വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സിപിഎം ന്യൂനപക്ഷങ്ങളോട് അടുക്കുന്നത്. വോട്ട് രാഷ്ട്രീയത്തിന് വേണ്ടി പറയുകയും അടിസ്ഥാന തത്വം നിലനിർത്തുകയും ചെയ്യുന്ന സമീപനമാണ് വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം. കമ്മ്യൂണിസത്തിന്‍റെ അടിസ്ഥാനം മതനിഷേധമാണ്,’ അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന നാസ്തിക സമ്മേളനത്തിലായിരുന്നു സിപിഎം സംസ്ഥാന സമിതിയംഗം അഡ്വ. കെ അനിൽ കുമാറിന്റെ പ്രസ്താവന. മലപ്പുറത്ത് തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികളുണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്ന് കെ അനിൽകുമാർ പറഞ്ഞു. മുസ്ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിന് നന്ദി പറയേണ്ടത് കമ്മ്യൂണിസ്റ്റ് പാർട്ടിയോടാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments