മുംബൈ: പൊതു നീന്തല്‍ കുളത്തില്‍ മുതലക്കുഞ്ഞിനെ കണ്ടെത്തി. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങി. മുംബൈയിലെ ദാദറിലെ മഹാത്മാ ഗാന്ധി മെമ്മോറിയല്‍ സ്വിമ്മിങ് പൂളിൽ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള ഇവിടെ രാവിലെ 5.30ഓടെ ആളുകളെ കയറ്റുന്നതിന് മുമ്പ് പരിശോധന നടത്തിയ ശുചീകരണ തൊഴിലാളിയാണ് മുതലക്കുഞ്ഞിനെ കണ്ടത്. ഉടന്‍ തന്നെ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരെ വിവരം അറിയിച്ചു. വിദഗ്ധരുടെ സഹായത്തോടെ മുതലക്കുഞ്ഞിനെ അവിടെ നിന്ന് മാറ്റി.
രണ്ടടിയോളം മാത്രം വലിപ്പമുള്ള മുതലക്കുഞ്ഞ് എങ്ങനെ സ്വിമ്മിങ് പൂളില്‍ എത്തിയെന്ന് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനി(ബിഎംസി)ലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കിഷോര്‍ ഗാന്ധി പറഞ്ഞു.
എല്ലാ ദിവസവും സ്വിമ്മിങ് പൂളുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതിന് മുമ്പ് മുനിസിപ്പാലിറ്റി ജീവനക്കാര്‍ പരിശോധന നടത്താറുണ്ടെന്നും അതുകൊണ്ടു തന്നെ ആര്‍ക്കും പരിക്കേല്‍ക്കാതെ മുതലക്കുഞ്ഞിനെ പൂളില്‍ നിന്ന് മാറ്റാന്‍ കഴിഞ്ഞതായും മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിനെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരികെ എത്തിക്കാന്‍ വനംവകുപ്പിന് കൈമാറുമെന്ന് ബിഎംസി അധികൃതര്‍ അറിയിച്ചു. വനംവകുപ്പിന് കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Post Your Comments