കോഴിക്കോട്: ഫറോക്കിൽ വിൽപനക്കായി കൊണ്ടുവന്ന 100 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേർ പൊലീസ് പിടിയിൽ. നല്ലൂർ കളത്തിൽതൊടി പി. പ്രജോഷ് (44), ഫാറൂഖ് കോളജ് ഓലശ്ശേരി ഹൗസിൽ കെ. അഭിലാഷ് (26), കൊളത്തറ സ്വദേശി കണ്ണാട്ടിക്കുളം തിരുമുഖത്ത് പറമ്പ് പി. ബിനീഷ് (29) എന്നിവരെയാണ് പിടികൂടിയത്.
പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ അതിവേഗത്തിൽ പോയ കാർ അരീക്കാട് ജങ്ഷനിൽ പൊലീസ് തടഞ്ഞുനിർത്തുകയായിരുന്നു. കാറിന്റെ ഉള്ളിൽവെച്ച കാമറ ലൈറ്റ് സ്റ്റാൻഡിന്റെ പൈപ്പിനുള്ളിൽ ഒളിപ്പിച്ച 100 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ബംഗളൂരുവിൽ നിന്നാണ് ലഹരിമരുന്ന് ഇവർ കൊണ്ടുവന്നത്. വിവാഹപാർട്ടിക്കുവേണ്ടി ഫോട്ടോഷൂട്ട് ചെയ്യാൻ പോയതാണെന്ന് കാണിക്കാൻ കാറിൽ കാമറ, ലൈറ്റുകൾ, വയർ, ലൈറ്റ് സ്റ്റാൻഡ് എന്നിവ ഉണ്ടായിരുന്നു.
Read Also : ഇന്ത്യയിൽ ക്രോംബുക്ക് നിർമ്മിക്കും: കരാറിൽ ഒപ്പുവെച്ച് ഗൂഗിളും എച്ച്പിയും
വിപണിയിൽ നാലു ലക്ഷം രൂപ വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. കോഴിക്കോട് ആന്റി നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും നല്ലളം ഇൻസ്പെക്ടർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments