കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നതിന് അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനാണ് രജിസ്ട്രേഷനും സർട്ടിഫിക്കേഷനും നൽകിയത്. രാജ്യത്ത് തന്നെ അപൂർവമായ നേട്ടമാണിത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാതല സർക്കാർ ആശുപത്രിക്ക് അവയവം മാറ്റിവയ്ക്കാനുള്ള അംഗീകാരം നൽകുന്നത്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ അര കോടി രൂപയോളം ചെലവഴിച്ച് അത്യാധുനിക സംവിധാനങ്ങളൊരുക്കിയാണ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കിയത്. ഒക്ടോബർ മാസം ആദ്യവാരത്തിൽ ആദ്യ ശസ്ത്രക്രിയ യാഥാർഥ്യമാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. വൃക്കമാറ്റിവയ്ക്കാനായി കാത്തിരിക്കുന്ന രോഗികൾക്ക് ഇതേറെ ആശ്വാസമാകുമെന്നും മന്ത്രി വ്യക്തമാക്കി.
Read Also: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ കൂടില്ല: ജനങ്ങള്‍ക്ക് ആശ്വാസമായി പ്രഖ്യാപനം
തൃശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് മേധാവി ഡോ. ഉന്മേഷിന്റെ നേതൃത്വത്തിലുള്ള സംഘം ജനറൽ ആശുപത്രിയിലെത്തി കെ സോട്ടോ റെഗുലേഷൻസ് അനുസരിച്ചുള്ള സൗകര്യങ്ങളും സജീകരണങ്ങളും വിലയിരുത്തി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 5 വർഷത്തേക്കാണ് വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തുവാൻ നിയമപരമായ അനുവാദം നൽകിയത്.
എറണാകുളം ജനറൽ ആശുപത്രി ഇത്തരത്തിൽ നിരവധിയായ മാതൃകകൾക്ക് തുടക്കം കുറിച്ച സ്ഥാപനമാണ്. ഈ സർക്കാരിന്റെ കാലത്താണ് ജനറൽ ആശുപത്രിയിൽ രാജ്യത്ത് ആദ്യമായി ഹൃദയ ശസ്ത്രക്രിയയ്ക്ക് തുടക്കം കുറിച്ചത്. കാർഡിയോളജി ഉൾപ്പെടെ 7 സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ, 2 കാത്ത് ലാബ് ഉള്ള ആശുപത്രി, എൻ.എ.ബി.എച്ച്. അംഗീകാരം തുടങ്ങിയ നിരവധി സവിശേഷതകൾക്കൊടുവിലാണ് വൃക്ക മാറ്റൽ ശാസ്ത്രക്രിയയ്ക്ക് തുടക്കം കുറിക്കുന്നത്.
ആശുപത്രി സൂപ്രണ്ട് ഡോ ആർ ഷാഹിർഷായുടെ നേതൃത്വത്തിൽ യൂറോളജി വിഭാഗം മേധാവി ഡോ. അനൂപ് കൃഷ്ണൻ, നെഫ്രോളജി വിഭാഗം മേധാവി ഡോ. സന്ദീപ് ഷേണായി, അനസ്തേഷ്യ വിഭാഗം മേധാവി ഡോ മധു വി എന്നിവരുടെ സംഘമാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ട എല്ലാവിധ സജീകരണങ്ങളും സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ ഒരുക്കിയിരിക്കുന്നത്.
Read Also: കല്യാണത്തിന് മുൻപ് ഗർഭിണിയായി: യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് തീകൊളുത്തി
Post Your Comments