ഫോട്ടോകൾ അത്യാകർഷകമാക്കാൻ പ്രൊഫഷണലുകൾ അടക്കമുള്ള ആളുകൾ ഉപയോഗിക്കുന്ന എഡിറ്റിംഗ് സോഫ്റ്റ്‌വെയറാണ് ഫോട്ടോഷോപ്പ്. ഫോട്ടോകൾ വ്യത്യസ്ഥ രീതിയിൽ എഡിറ്റ് ചെയ്യാൻ നിരവധി തരത്തിലുള്ള ടൂളുകൾ ഫോട്ടോഷോപ്പിൽ ലഭ്യമാണ്. അഡോബിയുടെ ഈ ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഫലപ്രദമായി ഉപയോഗിക്കണമെങ്കിൽ അവ ലാപ്ടോപ്പുകളിലോ, പിസികളിലോ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. എന്നാൽ, ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് അഡോബി. ഇതിനായി ഫോട്ടോഷോപ്പിന്റെ വെബ് പതിപ്പാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ, ഫോട്ടോഷോപ്പ് സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്ത്, ഇൻസ്റ്റാൾ ചെയ്യാതെ തന്നെ വെബ് ബ്രൗസർ ഉപയോഗിച്ച് ഫോട്ടോഷോപ്പിന്റെ വെബ്സൈറ്റ് ആക്സസ് ചെയ്യാൻ സാധിക്കും.
വെബ് ബ്രൗസർ ഉപയോഗിക്കണമെങ്കിലും സബ്സ്ക്രിപ്ഷൻ എടുക്കേണ്ടതുണ്ട്. ഫോട്ടോഷോപ്പിന്റെ നിലവിൽ ലഭ്യമായ എല്ലാ പ്ലാനുകളും ഏഴ് ദിവസത്തെ സൗജന്യ ട്രയൽ ഓഫറോടൂകൂടി ആസ്വദിക്കാൻ കഴിയുമെങ്കിലും, പിന്നീടുള്ള ദിവസങ്ങളിൽ ഉപയോഗിക്കാൻ സബ്സ്ക്രിപ്ഷൻ നിർബന്ധമാണ്. എഐ അധിഷ്ഠിത ടൂളുകളാണ് ഫോട്ടോഷോപ്പിന്റെ പ്രധാന പ്രത്യേകത. ഡെസ്ക്ടോപ്പ് വേർഷനിൽ ഉള്ള ജനറേറ്റീവ് ഫിൽ, ജനറേറ്റീവ് എക്സ്പാൻഡ് തുടങ്ങിയ ഫീച്ചറുകൾ പതിപ്പിൽ ലഭ്യമാണ്. സബ്സ്ക്രിപ്ഷൻ തുക വെബ് പതിപ്പിനും, ഡെസ്ക്ടോപ്പ് പതിപ്പിനും തുല്യമാണെങ്കിലും, ഡെസ്ക്ടോപ്പ് പതിപ്പിലെ മുഴുവൻ ഫീച്ചറുകളും വെബ് പതിപ്പിൽ ലഭിക്കുകയില്ല. ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ്, ഫയർഫോക്സ് തുടങ്ങിയ ചുരുക്കം ചില ബ്രൗസറുകളിൽ മാത്രമാണ് ഫോട്ടോഷോപ്പിന്റെ വെബ് പതിപ്പ് ലഭ്യമാകുകയുള്ളൂ.
Post Your Comments