കോഴിക്കോട്: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. പിതാവ് കേരളത്തിന്റെ മുഖ്യമന്ത്രിയായതുകൊണ്ട് രാഷ്ട്രീയത്തിൽ വന്നയാളല്ല വി മുരളീധരനെന്നും കഷ്ടപ്പെട്ടുതന്നെ ബിജെപി സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയും ആയ വ്യക്തിയാണ് മുരളീധരൻ എന്ന് സുരേന്ദ്രൻ വ്യക്തമാക്കി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചാൽ വി മുരളീധരനെ അംഗീകരിക്കാമെന്ന കെ മുരളീധരന്റെ പ്രസ്താവനയ്ക്ക്, നേമത്തും വയനാട്ടിലും മത്സരിച്ചിട്ട് മുരളീധരന് എത്ര വോട്ടു കിട്ടിയെന്നും സുരേന്ദ്രൻ ചോദിച്ചു.
‘കെ മുരളീധരനോട് എനിക്ക് ഒരു കാര്യം പറയാനുള്ളത്, വി മുരളീധരൻ ബിജെപി സംസ്ഥാന പ്രസിഡന്റായതും കേന്ദ്രത്തിൽ മന്ത്രിയായതും അദ്ദേഹത്തിന്റെ പിതാവ് കേരളത്തിന്റെ മുഖ്യമന്ത്രിയായതു കൊണ്ടല്ല. അദ്ദേഹം കഷ്ടപ്പെട്ടും അധ്വാനിച്ചും പൊതുപ്രവർത്തനം നടത്തി ബിജെപിയുടെ സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയും ആയ ആളാണ്. അസൂയയ്ക്കും കുശുമ്പിനും ഒരു മരുന്നുമില്ലെന്ന് അറിയാവുന്നതുകൊണ്ട് കെ മുരളീധരന്റെ വിമർശനങ്ങൾക്ക് അതിനപ്പുറത്തുള്ള ഒരു വിലയും കൊടുക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.’ സുരേന്ദ്രൻ പറഞ്ഞു.
‘വന്ദേഭാരത് ഉദ്ഘാടനച്ചടങ്ങിൽ വി.മുരളീധരൻ വേദിയിൽ കയറി ഇരിക്കുന്നതുകൊണ്ട് എനിക്ക് കയറേണ്ടെന്നു തോന്നിയെന്നാണ് അദ്ദേഹം പറഞ്ഞത്. കെ.മുരളീധരൻ വല്ലാതങ്ങ് ബുദ്ധിമുട്ടേണ്ട. പാർലമെന്റ് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും കഴിഞ്ഞാൽ നിങ്ങൾക്ക് ഇതുപോലെ പലയിടത്തും കയറാനാകില്ലെന്ന് ഉറപ്പാണ്. പാർലമെന്റിലും നിയമസഭയിലും കയറാനാകാത്ത സ്ഥിതിയിലേക്ക് ആ പാർട്ടി തന്നെ പോയിക്കൊണ്ടിരിക്കുയാണ്. അതുകൊണ്ട് വിമർശിക്കുമ്പോഴും നമ്മൾ ഒരു മയത്തിൽ സംസാരിക്കണം. വി മുരളീധരൻ റെയിൽവേ മന്ത്രിയുടെ പ്രതിനിധിയായിട്ടാണ് അവിടെ വന്നത്. അല്ലാതെ ഒരിടത്തുനിന്നും ഇടിച്ചുകയറി വന്നതല്ല,’ സുരേന്ദ്രൻ വ്യക്തമാക്കി.
Post Your Comments