
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജ്വല്ലറിയിൽ വൻ കവർച്ച. ഡല്‍ഹിയിലെ ജംഗ്‌പുരയിലുള്ള ഉംറാവോ സിംഗ് ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. 20 കോടിയുടെ സ്വർണ്ണം മോഷണം പോയി. പ്രതികൾ എന്ന് സംശയിക്കുന്ന രണ്ട് പേരുടെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്ട്രോങ്ങ് റൂമിന്റെ ഭിത്തിയിൽ ദ്വാരമുണ്ടാക്കിയാണ് മോഷണം നടത്തിയത്. തിങ്കളാഴ്ച കട അവധിയായതിനാൽ ഞായറാഴ്ച വൈകുന്നേരം ആഭരണങ്ങളും പണവും സ്ട്രോങ്ങ് റൂമിൽ വച്ച് പൂട്ടിയിരുന്നു. ഇന്ന് രാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. തുടർന്ന് പോലീസിനെ അറിയിച്ചു.
ടെറസിലൂടെ അകത്തു പ്രവേശിക്കുന്നതിന് മുൻപായി മോഷ്ടാക്കൾ കെട്ടിടത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. അതിനാൽ കടയിലെ സിസിടിവി പ്രവർത്തനരഹിതമായി.
തുടർന്നു ഗ്യാസ് കട്ടർ ഉപയോഗിച്ചു സ്ട്രോങ് റൂമിന്റെ ഭിത്തിയിൽ ദ്വാരം ഉണ്ടാക്കിയാണ് കവർച്ച നടത്തിയത്. സമീപത്തെ കടകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments