തിരുപ്പതി ദർശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ യാത്ര ക്ലേശത്തിന് പരിഹാരമായി പുതിയ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചു. ചെന്നൈയെയും വിജയവാഡയെയും ബന്ധിപ്പിക്കുന്ന ചെന്നൈ-വിജയവാഡ വന്ദേ ഭാരത് എക്സ്പ്രസാണ് പുതുതായി സർവീസ് നടത്തുന്നത്. ഇതോടെ, ചെന്നൈയിൽ നിന്നുള്ള യാത്രക്കാർക്ക് വെറും 95 മിനിറ്റിനുള്ളിൽ തിരുപ്പതിയിലേക്ക് എത്തിച്ചേരാൻ സാധിക്കും. തിരുപ്പതി ക്ഷേത്രത്തിന് 9 കിലോമീറ്റർ അടുത്തുള്ള റെയിൽവേ സ്റ്റേഷനായ റെനിഗുണ്ടയിലൂടെയാണ് ചെന്നൈ- വിജയവാഡ വന്ദേ ഭാരത് എക്സ്പ്രസ് കടന്നുപോകുക. ഭക്തജനങ്ങളുടെ യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായാണ് വിജയവാഡയിലേക്കുള്ള പതിവുപാതയിൽ നിന്നും മാറി റെനിഗുണ്ട വഴി സർവീസ് നടത്തുന്നത്.
ചെന്നൈ റെയിൽവേ സ്റ്റേഷനും റെനിഗുണ്ട റെയിൽവേ സ്റ്റേഷനും തമ്മിൽ 136.6 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. അതിനാൽ, വെറും ഒന്നര മണിക്കൂറിനുള്ളിൽ ചെന്നൈയിൽ നിന്ന് റെനിഗുണ്ടയിലേക്ക് എത്തിച്ചേരാൻ സാധിക്കും. നേരത്തെ ഇതുവഴി സർവീസ് നടത്തിയിരുന്ന ട്രെയിനുകൾ 2 മണിക്കൂറും 40 മിനിറ്റും വരെ സമയം എടുത്തിരുന്നു. ചൊവ്വാഴ്ച ഒഴികെ ആഴ്ചയിൽ 6 ദിവസം ചെന്നൈ-വിജയവാഡ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നതാണ്. ചെന്നൈയിൽ നിന്ന് രാവിലെ 5:30-ന് പുറപ്പെടുന്ന ട്രെയിൻ 7:10 ഓടെ റെനിഗുണ്ടയിൽ എത്തിച്ചേരും. മടക്കയാത്രയിൽ രാത്രി 8:05 ഓടെ ട്രെയിൻ റെനിഗുണ്ടയിൽ എത്തിച്ചേരുന്നതാണ്.
Post Your Comments