
കുശിനഗർ: ഉത്തർപ്രദേശിൽ ഓടുന്ന കാറിലിട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റില്‍. അയൽവാസികളായ യുവാക്കളാണ് അറസ്റ്റിലായത്. യുപിയിലെ കുശിനഗറിലാണ് ക്രൂര പീഡനം നടന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ തിങ്കളാഴ്ച വൈകിട്ടോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
16കാരിയായ പെണ്‍കുട്ടിയെ അയൽവാസിയായ യുവാവ് പശുത്തൊഴുത്ത് വൃത്തിയാക്കാനായി വിളിച്ച് വരുത്തുകയായിരുന്നു. ജോലിക്കായെത്തിയ പെണ്‍കുട്ടിയെ പ്രതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഒരു കുടിലിലേക്ക് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് യുവാവിന്റെ രണ്ട് സുഹൃത്തുക്കളും സംഭവ സ്ഥലത്തേക്കെത്തി. ഇവർ പെണ്‍കുട്ടിയെ ബലമായി വാഹനത്തിൽ കയറ്റി. പിന്നീട് ഓടുന്ന വാഹനത്തിൽ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കൂട്ടബലാത്സംഗത്തിന് ശേഷം ബോധം നഷ്ടപ്പെട്ട പെണ്‍കുട്ടിയെ പ്രതികൾ ഒരു ഗോശാലയ്ക്ക് പുറത്ത് ഉപേക്ഷിച്ചു. ബോധം വീണ്ടെടുത്ത പെൺകുട്ടി വീട്ടിലെത്തി പീഡനവിവരം മാതാപിതാക്കളോട് പറയുകയായിരുന്നു.
തുടർന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കപ്ടൻഗഞ്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ, പൊലീസ് ആദ്യം കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. ഒടുവിൽ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് വൈദ്യപരിശോധനയും പൂത്തിയാക്കി. കേസിൽ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് കുശിനഗർ ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
Post Your Comments