Latest NewsKeralaNews

ഓൺലൈൻ ലോട്ടറിയുടെ പേരിൽ വീട്ടമ്മയിൽ നിന്നും 1.12 കോടി രൂപ തട്ടിയെടുത്തു: പ്രതികൾ പിടിയിൽ

കൊച്ചി: ഓൺലൈൻ ലോട്ടറിയുടെ പേരിൽ വീട്ടമ്മയിൽ നിന്നും 1.12 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിൽ. എറണാകുളം സ്വദേശിനിയായ വീട്ടമ്മയിൽ നിന്ന് ഓൺലൈൻ ലോട്ടറിയുടെ പേരിൽ 1.12 കോടി രൂപ തട്ടിയെടുത്ത ഉത്തരേന്ത്യക്കാരായ നാലു പേരെയാണ് പോലീസ് പിടികൂടിയത്. സംസ്ഥാന ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പ്രത്യേക അന്വേഷണസംഘം റാഞ്ചിയിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബീഹാർ സ്വദേശികളായ ജ്യോതിഷ് കുമാർ, മോഹൻകുമാർ, അജിത് കുമാർ, റാഞ്ചി സ്വദേശിയായ നീരജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.

Read Also: സനാതന ധർമ്മ വിവാദം: ഉദയനിധി സ്റ്റാലിനെതിരെ പരാമർശം നടത്തിയ ഹിന്ദു മുന്നണി നേതാവിനെതിരെ കേസ്

ഇവരിൽ നിന്ന് 28 മൊബൈൽ ഫോണുകൾ, 85 എടിഎം കാർഡുകൾ, 8 സിം കാർഡുകൾ, ലാപ്‌ടോപ്പ്, വിവിധ ബാങ്കുകളുടെ ചെക്കുകൾ, പാസ് ബുക്കുകൾ എന്നിവ കണ്ടെത്തി. 1.25 ലക്ഷം രൂപയും ഇവരിൽ നിന്നും കണ്ടെടുത്തു. പ്രതികളെ റാഞ്ചി കോടതിയിൽ ഹാജരാക്കി നടപടികൾ പൂർത്തിയാക്കി എറണാകുളം കോടതിയിൽ എത്തിക്കും.

സ്‌നാപ്ഡീലിന്റെ ഉപഭോക്താക്കൾക്കായി സ്‌നാപ്ഡീൽ ലക്കി ഡ്രോ എന്ന പേരിൽ നടത്തിയ നറുക്കെടുപ്പിൽ ഒന്നരക്കോടി രൂപ സമ്മാനം ലഭിച്ചതായി വീട്ടമ്മയെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സമ്മാനത്തുക ലഭിക്കുന്നതിനായി സർവീസ് ചാർജ് എന്ന പേരിൽ പലപ്പോഴായി പ്രതികൾ വീട്ടമ്മയിൽ നിന്ന് ഒരുകോടി 12 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലൂടെ തട്ടിയെടുക്കുകയായിരുന്നു. ഇങ്ങനെ ലഭിക്കുന്ന പണം ഉടൻ തന്നെ മറ്റു അക്കൗണ്ടുകളിലൂടെ എടിഎം കാർഡ് വഴി പിൻവലിക്കുകയും ക്രിപ്‌റ്റോ കറൻസി ആക്കി മാറ്റുകയുമാണ് തട്ടിപ്പ് രീതി.

പ്രതികൾ ഇന്ത്യയിൽ ഉടനീളം തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇന്റർനെറ്റ് ബാങ്കിംഗിന്റെ പാസ്‌വേഡ് കൈക്കലാക്കുന്ന പ്രതികൾ യഥാർത്ഥ അക്കൗണ്ട് ഉടമകളുടെ ഫോൺ നമ്പറുകൾക്ക് പകരം സ്വന്തം ഫോൺ നമ്പർ, അക്കൗണ്ടിൽ ബന്ധിപ്പിക്കുന്നു. അതിനാൽ അക്കൗണ്ട് ഉടമ തട്ടിപ്പ് അറിയുന്നില്ല. ഇങ്ങനെ ലഭിക്കുന്ന പണം ആഡംബരജീവിതം നയിക്കുന്നതിനും വിലയേറിയ ഫോണുകളും വാഹനങ്ങളും വാങ്ങുന്നതിനുമാണ് പ്രതികൾ ചെലവഴിച്ചത്.

ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ എറണാകുളം യൂണിറ്റ് ആയിരത്തോളം ഫോൺ നമ്പറുകളും അഞ്ഞൂറോളം മൊബൈൽ ഫോൺ രേഖകളും 250 ഓളം ബാങ്ക് അക്കൗണ്ട് രേഖകളും പരിശോധിച്ചാണ് പ്രതികൾ റാഞ്ചിയിൽ ഉണ്ടെന്ന് മനസ്സിലാക്കിയത്. റാഞ്ചിയിലെ ഉൾപ്രദേശത്തെ ഒളിത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്.

കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ വീട്ടമ്മ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കേസ് കൈമാറുകയായിരുന്നു.

സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച് വെങ്കിടേഷിന്റെ നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിഐജി ജെ ജയനാഥിന്റെ മേൽനോട്ടത്തിൽ എസ് പി എം ജെ സോജൻ, ഡിവൈഎസ്പി വി റോയ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എറണാകുളം യൂണിറ്റിലെ ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ സൈജു കെ പോൾ, ഡിറ്റക്റ്റീവ് സബ് ഇൻസ്‌പെക്ടർമാരായ ടി ഡി മനോജ്കുമാർ, ജിജോമോൻ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ യു സൗരഭ്, കൊച്ചി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി അജിത്, ആർ അരുൺ എന്നിവരാണ് റാഞ്ചിയിൽ നിന്ന് പ്രതികളെ പിടികൂടിയത്.

Read Also: മേഖലാതല അവലോകന യോഗങ്ങൾക്ക് ചൊവ്വാഴ്ച തുടക്കമാകും: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button