കോട്ടയം: പട്ടികളുടെ സംരക്ഷണയില്‍ കഞ്ചാവ് കച്ചവടം. കഞ്ചാവ് വില്‍ക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധനയ്ക്ക് എത്തിയ
പൊലീസിന് നേര്‍ക്ക് പട്ടികളെ അഴിച്ചു വിട്ടു. കോട്ടയത്താണ് സംഭവം. കോട്ടയം കുമരനെല്ലൂര്‍ സ്വദേശി റോബിന്‍ ആണ് പൊലീസുകാര്‍ക്ക് നേരെ നായകളെ അഴിച്ചു വിട്ടത്.
പൊലീസ് എത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ വാടകയ്ക്ക് എടുത്ത വീട്ടില്‍ വിദേശ ബ്രീഡുകള്‍ അടക്കം 13 ഇനം വമ്പന്‍ പട്ടികളാണ് ഉണ്ടായിരുന്നത്. പട്ടി വളര്‍ത്തല്‍ കേന്ദ്രമായിട്ടാണ് അറിയപ്പെട്ടിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ മുന്തിയ ഇനം പട്ടികളുടെ കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടവും ഇയാള്‍ നടത്തിയിരുന്നതായി പൊലീസ് പറയുന്നു. ഇന്നലെ ഇയാളുടെ വീടിന്റെ കോമ്പൗണ്ടില്‍ നിന്നും 18 കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തിരുന്നു.
പൊലീസും എക്സൈസും എത്തിയാല്‍ ആക്രമിക്കാന്‍ പട്ടികളെ
പ്രത്യേകം പരിശീലിപ്പിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. കോട്ടയം എസ്പി കെ കാര്‍ത്തിക് സ്ഥലത്തെത്തി പരിശോധന നടത്തി. കാക്കി കണ്ടാല്‍ ആക്രമിക്കാനാണ് നായകള്‍ക്ക് പരിശീലനം നല്‍കിയിരുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മയക്കുമരുന്ന് വിരുദ്ധ സ്‌ക്വാഡും ഗാന്ധിനഗര്‍ എസ്എച്ച്ഒയും സംഘവും വീട് നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് എസ്പി കാര്‍ത്തിക് പറഞ്ഞു. സംഭവത്തില്‍ കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി എസ്പി കാര്‍ത്തിക് പറഞ്ഞു.
Post Your Comments