സാങ്കേതികവിദ്യ അതിവേഗം വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് പുതിയ പരീക്ഷണത്തിന് ഒരുങ്ങുകയാണ് ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള ബയോടെക്നോളജി സ്റ്റാർട്ടപ്പായ ന്യൂറാലിങ്ക്. ദീർഘനാളത്തെ ഗവേഷണത്തിനൊടുവിൽ വികസിപ്പിച്ചെടുത്ത ന്യൂറാലിങ്ക് ചിപ്പ് മനുഷ്യരിൽ പരീക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് മസ്ക് വ്യക്തമാക്കി. മനുഷ്യ ചിന്തകളെ കമ്പ്യൂട്ടറിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ഒരു ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ് വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ന്യൂറാലിങ്ക്. മനുഷ്യന്റെ തലയോട്ടിക്കുള്ളിലാണ് ഇവ ഘടിപ്പിക്കുന്നത്.
ഒരു സ്വതന്ത്ര റിവ്യൂ ബോർഡിന്റെ അനുമതി ലഭിച്ചാലുടൻ പക്ഷാഘാത രോഗികളിൽ ഇവ ഘടിപ്പിക്കുന്നതാണ്. പ്രിസൈസ് റോബോട്ടിക്കലി ഇപ്ലാന്റഡ് ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ് എന്നാണ് ഈ പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. പരീക്ഷണത്തിന് വിധേയരാകുന്ന പക്ഷാഘാത രോഗികളുടെ മസ്തിഷ്കത്തിലെ ചലനങ്ങൾ നിയന്ത്രിക്കുന്ന ഭാഗത്താണ് ഈ ചിപ്പ് ഘടിപ്പിക്കുക. റോബോട്ടിനെ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയിലൂടെയാണ് ചിപ്പ് ഘടിപ്പിക്കുന്നത്. തുടർന്ന്, രോഗിയുടെ മസ്തിഷ്കത്തിലെ സിഗ്നലുകൾ മനസിലാക്കുകയും, അവ ഒരു ആപ്പിലേക്ക് അയക്കുകയും ചെയ്യും. ഈ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് തുടർന്നുള്ള പഠനങ്ങൾ നടത്തുക. ന്യൂറാലിങ്ക് സ്വന്തം ശരീരത്തിൽ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി രജിസ്ട്രേഷൻ നടപടികൾ കമ്പനി ആരംഭിച്ചിട്ടുണ്ട്. ന്യൂറാലിങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
Also Read: ഉപഭോക്താക്കൾക്ക് നിരാശ വാർത്തയുമായി വാട്സ്ആപ്പ്! ഈ സ്മാർട്ട്ഫോണുകളിൽ സേവനം അവസാനിപ്പിക്കുന്നു
Post Your Comments