ന്യൂഡൽഹി: കാനഡയിൽ കൊല്ലപ്പെട്ട ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജാർ ഇന്ത്യയിൽ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗമാണ് ഇത് സംബന്ധിച്ച രേഖകൾ പുറത്തുവിട്ടിരിക്കുന്നത്. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിൽ നയതന്ത്ര പ്രശ്നങ്ങൾ വഷളായിരിക്കെയാണ് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളുടെ രേഖകൾ പുറത്തുവന്നിരിക്കുന്നത്. ഇയാൾ ഇന്ത്യയിൽ ആക്രമണത്തിന് പദ്ധതിയിട്ടതായാണ് പുതിയ റിപ്പോർട്ട്. ഇയാൾ പാകിസ്ഥാനിലും കാനഡയിലും ആയുധ പരിശീലന ക്യാമ്പുകൾ നടത്തിയെന്നും പുതിയ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിൽ ആക്രമണം നടത്തുന്നതിനായി ഇയാൾ പാകിസ്ഥാനിൽ നിന്നും ചാരസംഘടനയായ ഐഎസ്ഐയിൽ നിന്നും പരിശീലനം നേടുകയും ചെയ്തു. രാജ്യത്തും പുറത്തുമുള്ള വിവിധ ഖലിസ്ഥാനി നേതാക്കളുമായി ബന്ധം സൂക്ഷിക്കുകയും ചെയ്തിരുന്നു. 2012ൽ പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് നേതാവ് ജഗ്തർ സിങ് താരയുമായി ഇയാൾ അടുപ്പമുണ്ടാക്കിയിരുന്നു. അതേവർഷം ഏപ്രിൽ മാസത്തിൽ ഇയാൾ പാകിസ്താൻ സന്ദർശിച്ചതായും ആയുധപരിശീലനം നേടുകയും ചെയ്തിരുന്നു.
പഞ്ചാബിലും ഇന്ത്യയുടെ മറ്റ് വിവിധ ഭാഗങ്ങളിലും ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിന് പണം നൽകിയിരുന്നുവെന്നും രഹസ്യാന്വേഷണ രേഖകളിൽ വ്യക്തമാക്കുന്നു. നിജ്ജാർ ഖാലിസ്ഥാനി പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി രേഖയിൽ പറയുന്നു. ഇയാൾ കാനഡയിൽ ആയുധ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചു. അവിടെ എകെ 47, സ്നിപ്പർ റൈഫിളുകൾ, പിസ്റ്റളുകൾ തുടങ്ങിയ തോക്കുകൾ ഉപയോഗിക്കുന്നതിന് വ്യക്തികളെ പരിശീലിപ്പിച്ചു. രാഷ്ട്രീയ, മത നേതാക്കൾക്കെതിരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളും ആക്രമണങ്ങളും നടത്താൻ ഇയാൾ ആളുകളെ ഇന്ത്യയിലേക്ക് അയച്ചിരുന്നു.
2021ൽ നിജ്ജാറിന്റെ ഗ്രാമത്തിൽ ഉണ്ടായിരുന്ന ഒരു ഹിന്ദു പൂജാരിയെ കൊലപ്പെടുത്തുവാൻ അർഷ്ദീപ് എന്നയാളേയും ഇയാൾ ചട്ടംകെട്ടിയിരുന്നു. എന്നാർ, പൂജാരി രക്ഷപെടുകയും ചെയ്തു. ഇത്തരത്തിൽ നിജ്ജർ കാനഡയിൽ ഇരുന്ന് പഞ്ചാബിൽ വിവിധ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നു. ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് എന്ന നിരോധിത സംഘടനയുടെ തലവനായിരുന്ന നിജ്ജാറിനെ ഇന്ത്യ ഭീകരവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
Post Your Comments