താൽക്കാലിക ജീവനക്കാരുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിന്‍വലിക്കല്‍: ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ

നെന്മാറ: പോത്തുണ്ടി വനം വകുപ്പ് സെക്ഷനിൽ താൽക്കാലിക ജോലിചെയ്യുന്ന വാച്ചർമാരുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ച സംഭവത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ. പോത്തുണ്ടി സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രേംനാഥിനെയാണ് നെന്മാറ ഡിഎഫ്ഒ സസ്പെൻഡ് ചെയ്തത്.

നെല്ലിയാമ്പതി ചെറുനെല്ലി കോളനിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട രമേഷ്, മുരുകൻ, എന്നീ താൽക്കാലിക വാച്ചർമാരുടെ എടിഎം ഉപയോഗിച്ചാണ് 1500 രൂപ വീതം പിൻവലിച്ചത്.

വർഷങ്ങളായി ജോലി ചെയ്തിരുന്ന ഇവരുടെ എടിഎം കാർഡ് സെക്ഷൻ ഓഫീസിലാണ് സൂക്ഷിക്കാറുള്ളത്. പണം ആവശ്യമുള്ളപ്പോൾ ജീവനക്കാരുടെ സഹായത്തോടെ പിൻവലിക്കാറാണ് പതിവ്. ഇത് മുതലെടുത്താണ് പ്രേംനാഥ് രണ്ട് എടിഎംകളിൽ നിന്നുമായി 3000 രൂപ പിൻവലിച്ചത്.

പണം കാണാതായതിനെ തുടർന്ന് ഇരുവരും നെല്ലിയാമ്പതി റേഞ്ച് ഓഫീസർക്ക് പരാതി നൽകുകയായിരുന്നു. പരാതിയിൽ അന്വേഷണം നടത്തിയപ്പോൾ പണം പിൻവലിച്ചത് ആണെന്ന് കണ്ടെത്തി, നെന്മാറ ഡിഎഫ്കെ മനോജിന് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Share
Leave a Comment