
ചെന്നൈ: സൗജന്യ ഭക്ഷണത്തിന് ഹോട്ടലില്‍ ചെന്നയാളെ അടിച്ചുകൊന്നു. കാഞ്ചീപുരത്തിനു സമീപം ഓരിക്കൈയിലെ ഹോട്ടലിൽ ആണ് സംഭവം. തിരുമലൈയാണ് (50) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹോട്ടൽ ജീവനക്കാരൻ രാമചന്ദ്രനെ (40) പോലീസ് അറസ്റ്റുചെയ്തു.
ഇയാൾ കഴിഞ്ഞ ദിവസങ്ങളിലും ഭക്ഷണം ആവശ്യപ്പെട്ട് ഹോട്ടലിലെത്തിയിരുന്നെന്നും ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടിരുന്നെന്നും പറയുന്നു. ബുധനാഴ്ച വൈകീട്ട് വീണ്ടും ഭക്ഷണം ആവശ്യപ്പെട്ടെത്തിയപ്പോൾ രാമചന്ദ്രൻ മരക്കട്ടയെടുത്ത് തിരുമലൈയെ അടിക്കുകയായിരുന്നു. ഇതോടെ ഇയാൾ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച രാമചന്ദ്രനെ നാട്ടുകാർ ചേർന്ന് പിടികൂടി കാഞ്ചീപുരം താലൂക്ക് പോലീസ് സ്റ്റേഷനിൽ ഏല്‍പ്പിച്ചു.
കാഞ്ചീപുരം ജില്ലാകോടതിയിൽ ഹാജരാക്കിയ രാമചന്ദ്രനെ റിമാൻഡ് ചെയ്തു. തിരുമലൈയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments