തിരുവനന്തപുരം: സംസ്ഥാന സർക്കാർ ദേശീയ അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തുകയാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം ഉന്നത നേതാക്കൾ കുടുങ്ങുമെന്നായപ്പോൾ ഇഡിക്കെതിരായി പൊലീസ് നടത്തിയ നീക്കം ഇതിന്റെ തെളിവാണെന്നും മുൻപും കേന്ദ്ര ഏജൻസികളെ ഭയപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിച്ചിരുന്നു എന്നും സുരേന്ദ്രൻ പറഞ്ഞു.
സിപിഎം കൗൺസിലർ അരവിന്ദാക്ഷനെ കൊണ്ട് കള്ളപ്പരാതി കൊടുപ്പിച്ചതിനു പിന്നിൽ സിപിഎം നേതൃത്വമാണെന്നും ഇഡി മർദിച്ചുവെന്ന പരാതി കരുവന്നൂർ കേസ് അട്ടിമറിക്കാൻ വേണ്ടിയുള്ള ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ‘ശാസ്ത്രീയമായ രീതിയിൽ സുതാര്യമായ സംവിധാനത്തിലാണ് കേന്ദ്ര ഏജൻസികളുടെ ചോദ്യം ചെയ്യലെന്ന് എല്ലാവർക്കും അറിയാം. ക്യാമറകളുടെ നടുവിലാണ് ചോദ്യം ചെയ്തതെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനു ശേഷം ആറു ദിവസം കഴിഞ്ഞാണ് അരവിന്ദാക്ഷൻ പരാതി കൊടുത്തത്. ഇത് ഗൂഢാലോചനയാണ്,’ കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Post Your Comments