ഇരുപത്തഞ്ചുകാരിയെ രണ്ടാം ഭർത്താവ് കഴുത്തറത്തു കൊലപ്പെടുത്തി. ആവഡി സ്വദേശിനി ശാരമ്മാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ രണ്ടാം ഭർത്താവ് ജോൺസൺ(27) അറസ്റ്റിലായി. യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽക്കെട്ടി മൂന്ന് ദിവസം വീടിനുള്ളിൽ സൂക്ഷിക്കുകയായിരുന്നു. മൂന്നാം ദിവസം ഇയാൾ തന്നെ പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
വിവാഹിതയും രണ്ട് മക്കളുടെ മാതാവുമായ ശാരമ്മാൾ ഈ വിവരം മറച്ചുവെച്ച് ജോൺസണുമായി പ്രണയത്തിലാകുകയും ഇയാളെ വിവാഹം കഴിക്കുകയുമായിരുന്നു. ഈ വിവരം അറിഞ്ഞതിലെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ആദ്യ ഭർത്താവ് ആമോസുമായി പിരിഞ്ഞു താമസിക്കുമ്പോഴാണ് രണ്ടുമക്കളുള്ള ശാരമ്മാൾ ജോൺസണുമായി പ്രണയത്തിലായത്. ശാരമ്മാളുമായി പിരിഞ്ഞ ആമോസ് ആന്ധ്രയിലേക്ക് താമസം മാറ്റിയിരുന്നു. ആദ്യവിവാഹം ജോൺസണിൽനിന്ന് മറച്ചുവെച്ച ശാരമ്മാൾ കുട്ടികളുള്ള കാര്യവും വെളിപ്പെടുത്തിയിരുന്നില്ല.
ഇക്കഴിഞ്ഞ മേയിലായിരുന്നു ജോൺസണുമായുള്ള വിവാഹം. എന്നാൽ പിന്നീട് ശാരമ്മാളിന്റെ ആദ്യ വിവാഹത്തെയും കുട്ടികളെയുംകുറിച്ച് അറിഞ്ഞ ജോൺസൺ വഴക്കുണ്ടാക്കി. കുറച്ചുനാളുകളായി അമ്പത്തൂരിലുള്ള വേറെ ഒരു വീട്ടിലാണ് ജോൺസൺ താമസിച്ചിരുന്നത്. എന്നാൽ ബന്ധം തുടരാൻ ശാരമ്മാൾ ശ്രമിച്ചതോടെ ഇവിടെനിന്ന് ആവഡിയിലേക്ക് താമസംമാറ്റി. കഴിഞ്ഞ ദിവസം ആവഡിയിലെ വീട്ടിൽ എത്തിയ ശാരമ്മാളും ജോൺസണും ആദ്യവിവാഹത്തിന്റെ പേരിൽ വീണ്ടും വഴക്കുണ്ടായി.
ഇതിനിടെ ജോൺസൺ കത്തികൊണ്ട് ശാരമ്മാളിന്റെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ദിവസം മൃതദേഹം വീട്ടിൽ ചാക്കിൽക്കെട്ടി സൂക്ഷിച്ച ഇയാൾ പിന്നീട് ദുർഗന്ധം സഹിക്കാൻ കഴിയാതെ വന്നതോടെ പോലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം അറിയിക്കുകയായിരുന്നു.
Post Your Comments