ചെന്നൈ: തമിഴ്‌നാട്ടില്‍ തൊട്ടുകൂടായ്മ നിലനില്‍ക്കുന്നുണ്ടെന്ന ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) രംഗത്ത്. ദ്രാവിഡിയന്‍ മോഡല്‍ നടപ്പിലാക്കുന്ന വികസനങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കാത്തതാണ് ഗവര്‍ണറുടെ പ്രശ്‌നമെന്ന് ഡിഎംകെ പ്രതികരിച്ചു. ദ്രാവിഡ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്ന ഗവര്‍ണര്‍ എവിടെയൊക്കെ അവസരം കിട്ടിയാലും സനാതന ധര്‍മത്തെ കുറിച്ചാണ് പരാമര്‍ശിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് അയിത്തമുണ്ടെങ്കില്‍ അതിന് കാരണം സനാതന ധര്‍മം തന്നെയാണെന്നും ഡി.എം.കെ വക്താവ് ശരവണന്‍ അണ്ണാദുരൈ പറഞ്ഞു.
‘തമിഴ്‌നാട്ടില്‍ സംഭവിച്ചത് പോലെയുള്ള സുസ്ഥിര വികസനം രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും നടന്നിട്ടില്ല. സംസ്ഥാനത്തുള്ള പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീ സംരംഭകരുടെ എണ്ണം പരിശോധിച്ചാലും മറ്റേത് സംസ്ഥാനത്തേക്കാളും മുകളിലാണ് തമിഴ്‌നാട്. എന്നോ നടന്ന കാര്യങ്ങളെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നതെങ്കില്‍ വിശദീകരണം നല്‍കാന്‍ പാര്‍ട്ടിക്ക് സാധിക്കും. ഒരുകാലത്ത് ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന ക്ഷേത്രങ്ങള്‍ ഡി.എം.കെ സര്‍ക്കാര്‍ അടച്ചുപൂട്ടി, പ്രശ്‌നം പരിഹരിച്ചു. തൂത്തുക്കുടിയില്‍ ദളിത് പാചകക്കാരിയുണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ വിസമ്മതിച്ച സംഭവമാണ് ഗവര്‍ണര്‍ പറയുന്നതെങ്കില്‍ ലോക്‌സഭ എം.പി കനിമൊഴി വിഷയം ഉന്നയിച്ചിരുന്നു. അവര്‍ സ്‌കൂളിലെത്തി കുട്ടികളുമായി ഇരുന്ന് ഭക്ഷണം കഴിച്ചിരുന്നു, മാതാപിതാക്കളുമായി സംസാരിച്ച് വിഷയത്തില്‍ പരിഹാരം കണ്ടെത്തിയിരുന്നു. ആര്‍ക്ക് വേണമെങ്കില്‍ ക്ഷേത്രത്തില്‍ പൂജാരിയാകാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതൊന്നും അവര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ല. ഗവര്‍ണര്‍ക്ക് ഇതൊന്നും അംഗീകരിക്കാനാകില്ല. അതുകൊണ്ട് അദ്ദേഹം തന്റെ ചിന്തകളില്‍ നിന്നും എന്തൊക്കെയോ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്’ – അണ്ണാദുരൈ പറഞ്ഞു.
ഞായറാഴ്ച തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ വെച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഗവര്‍ണര്‍ ആര്‍.എന്‍. രവി ഡി.എം.കെ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ‘സംസ്ഥാനത്ത് തൊട്ടുകൂടായ്മയും വേര്‍തിരിവും നിലനില്‍ക്കുന്നുണ്ട്. ഒരുപാട് സഹോദരിസഹോദരന്മാരെ തുല്യമായല്ല പരിഗണിക്കുന്നത്. ഇത് വേദനയുണ്ടാക്കുന്ന വിഷയമാണ്. അംഗീകരിക്കാനാവാത്തതാണ്. ഇതല്ല ഹിന്ദു ധര്‍മം സംസാരിക്കുന്നത്. ഹിന്ദു ധര്‍മം പ്രതിപാതിക്കുന്നത് തുല്യതയെയാണ്’,അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments