ഗൂഗിളിന്റെ സഹസ്ഥാപകനായ സെർജി ബ്രിനും ഭാര്യ നിക്കോൾ ഷാനഹാനും വിവാഹമോചിതരായി. നിക്കോളിന് എലോൺ മസ്‌കുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ ആണ് വിവാഹമോചനം. അഭിഭാഷകയാണ് നിക്കോൾ ഷാനഹാൻ. നാല് വയസുള്ള മകൾക്ക് ഇരുവരും നിയമപരമായ സുരക്ഷയും സൗകര്യവും പങ്കിട്ടാണ് നൽകുന്നത്. തന്റെ ഭാര്യയ്ക്ക് മസ്‌കുമായി അവിഹിതബന്ധമുണ്ടെന്ന ആരോപണം ഉയരുന്നതിന് പിന്നാലെയാണ് സെർജി വിവാഹമോചനത്തിന് കേസ് നൽകിയത്. വിവാഹമോചനത്തെ ഷാനഹൻ എതിർത്തിരുന്നില്ല.
ബ്രിനും ഷാനഹാനും 2015 ൽ ഡേറ്റിംഗ് ആരംഭിച്ചു. അതേ വർഷം തന്നെ ബ്രിൻ തന്റെ ആദ്യ ഭാര്യ ആൻ വോജിക്കിയിൽ നിന്ന് വിവാഹമോചനം നേടി. ശേഷം 2018 ൽ ബ്രിൻ ഷാനഹാനെ വിവാഹം ചെയ്തു. എന്നാൽ, 2021-ൽ ഇരുവരും വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങി. തുടർന്ന്, 2022-ൽ ‘പൊരുത്തപ്പെടുത്താനാവാത്ത വ്യത്യാസങ്ങൾ’ ചൂണ്ടിക്കാട്ടി ബ്രിൻ വിവാഹമോചനത്തിന് അപേക്ഷ നൽകി. ന്യൂയോർക്ക് പോസ്റ്റ് പറയുന്നതനുസരിച്ച്, ബ്രിന്റെ ദീർഘകാല സുഹൃത്തായ എലോൺ മസ്‌കുമായുള്ള ഷാനഹാന്റെ ഹ്രസ്വ ബന്ധത്തെക്കുറിച്ച് ആരോപണങ്ങൾ ഉയർന്ന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ബ്രിൻ വിവാഹമോചന നടപടികൾ ആരംഭിച്ചത്. മസ്‌കും ഷാനഹാനും ഈ ആരോപണങ്ങൾ നിഷേധിച്ചു. തങ്ങൾക്കിടയിൽ റൊമാന്റിക് ആയ ഒന്നും തന്നെയില്ലെന്ന് ഇരുവരും വിശദീകരണം നൽകിയിരുന്നു.
ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം 118 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ബ്രിൻ നിലവിൽ ആഗോളതലത്തിൽ ഒമ്പതാം സമ്പന്നനാണ്. 34 കാരിയായ ഷാനഹാൻ, കാലിഫോർണിയ ആസ്ഥാനമായുള്ള അഭിഭാഷകയും ബിയ-എക്കോ ഫൗണ്ടേഷന്റെ സ്ഥാപകയുമാണ്.
Post Your Comments