Latest NewsNewsIndia

ഹിന്ദി ഭാഷയാണ് രാജ്യത്തെ ഒരുമിപ്പിക്കുന്നതെന്ന അമിത് ഷായുടെ പ്രസ്താവന വിഡ്ഢിത്തം: ഉദയനിധി സ്റ്റാലിൻ

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി പ്രസ്താവനയെ അപലപിച്ച് ഡിഎംകെ യുവജന വിഭാഗം നേതാവും യുവജനക്ഷേമ കായിക വികസന മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. ഹിന്ദി ഭാഷയാണ് രാജ്യത്തെ ഒരുമിപ്പിക്കുന്നതെന്ന അമിത് ഷായുടെ പ്രസ്താവന വിഡ്ഢിത്തമാണെന്ന് ഉദയനിധി പരിഹസിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത് എന്നും ഉദയനിധി ആരോപിച്ചു. ഹിന്ദി മറ്റ് പ്രാദേശിക ഭാഷകളെ ശാക്തീകരിക്കുന്നുവെന്നുമുള്ള അമിത് ഷായുടെ പ്രസ്താവനയെ ഉദയനിധി ശക്തമായി അപലപിച്ചു.

‘നാലോ അഞ്ചോ സംസ്ഥാനങ്ങളിൽ മാത്രമാണ് ഹിന്ദി സംസാരിക്കുന്നത്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. കേവല പ്രാദേശിക ഭാഷകളെന്ന് പറഞ്ഞ് ഹിന്ദി ഇതര ഭാഷകളെ അടിച്ചമർത്തരുത്’, ഉദയനിധി പറഞ്ഞു.

‘ഹിന്ദി ദിവസ്’ ആചരണത്തിന്റെ ഭാ​ഗമായാണ് ഇന്ന് അമിത് ഷാ ഇന്ത്യയെ ഹിന്ദി ഒരുമിപ്പിക്കുന്നുവെന്ന് പ്രസ്താവിച്ചത്. സ്വാതന്ത്ര്യസമരത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഹിന്ദി പ്രധാന പങ്കുവഹിച്ചുവെന്നും അമിത് ഷാ പറഞ്ഞു. സ്വാതന്ത്ര്യസമരത്തിലും ശേഷവും ഹിന്ദി വഹിച്ച പങ്ക് കണക്കിലെടുത്താണ് ഭരണഘടനാ നി‍ർമ്മാതാക്കൾ 1949 സെപ്റ്റംബർ 14ന് ഹിന്ദിയെ ഔദ്യോ​ഗിക ഭാഷയായി തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഹിന്ദി ഭാഷ രാജ്യം മുഴുവൻ അടിച്ചേൽപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്ന വിമർശനങ്ങൾ നിലനിൽക്കുന്നതിനിടെയാണ് കേന്ദ്രആഭ്യന്തരമന്ത്രിയുടെ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button