കോഴിക്കോട്: കൂടുതല്‍ പേര്‍ക്ക് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്താമെന്നും യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ലെന്നും കളക്ടർ വ്യക്തമാക്കി.
രോഗലക്ഷണങ്ങളുള്ള പതിനൊന്ന് പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പൊതുപരിപാടികള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണമുണ്ട്. വിവാഹ ചടങ്ങുകള്‍ നടത്തുന്നതിന് പൊലീസ് സ്‌റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം.
ജില്ലയില്‍ ഈ മാസം 24 വരെ ആള്‍ക്കൂട്ട പരിപാടികള്‍ പാടില്ല. ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഉള്ള ആളുകള്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ സന്ദര്‍ശിക്കാനോ പുറമേയുള്ള ആളുകള്‍ക്ക് കണ്ടെയിന്‍മെന്റ് സോണിലേക്ക് കടക്കാനോ അനുവാദമില്ല. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള കടകള്‍ മാത്രമേ ഈ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.
അതേസമയം, ജില്ലയില്‍ ആരോഗ്യ വകുപ്പ് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിലാണ് ഈ ടീമിനെ സജ്ജമാക്കിയിരിക്കുന്നത്. കോഴിക്കോട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ സൈക്കോ സോഷ്യല്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ (0495 2961385 രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണിവരെ) കൂടാതെ, സംസ്ഥാന തലത്തിലുള്ള ടെലി മനസ് ‘14416’ ടോള്‍ ഫ്രീ നമ്പര്‍ 24 മണിക്കൂറും ഇതിന് പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
Post Your Comments