തിരുവനന്തപുരം: സോളാർ കേസിൽ സിബിഐ ഫയൽ ചെയ്ത അന്തിമ റിപ്പോർട്ട് സംസ്ഥാന സർക്കാരിന്റെ പക്കലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത് നട്ടാൽ കുരുക്കാത്ത നുണയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. 2023 ജൂൺ 19ന് റിപ്പോർട്ട് സർക്കാരിനു കിട്ടിയതാണെന്ന് രേഖകൾ വ്യക്തമാക്കുന്നുവെന്നും കെ സുധാകരൻ അറിയിച്ചു. വാർത്താക്കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിബിഐ ഫയൽ ചെയ്ത റിപ്പോർട്ടിനു വേണ്ടി സീനിയൽ ഗവ. പ്ലീഡർ എസ് ചന്ദ്രശേഖരൻ നായർ കഴിഞ്ഞ ജൂൺ എട്ടിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കുകയും ജൂൺ 19ന് അതു നൽകുകയും ചെയ്തു. 76 പേജുകളുള്ള റിപ്പോർട്ടിന്റെ അവസാന പേജിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു മാസം റിപ്പോർട്ടിന്മേൽ അടയിരുന്ന ശേഷമാണ് മുഖ്യമന്ത്രി സഭയിൽ പച്ചക്കളളം തട്ടിവിട്ടത്. ഇത് നിയമസഭാംഗങ്ങളുടെ അവകാശത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണെന്ന് അദ്ദേഹം അറിയിച്ചു.
പിണറായി വിജയൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വേട്ടയാടാൻ സോളാർ കേസ് നികൃഷ്ഠമായി ഉപയോഗിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ദല്ലാൾ നന്ദകുമാർ പലവട്ടം മുഖ്യമന്ത്രിയെ സന്ദർശിച്ചതിന്റെ വിശാദംശങ്ങൾ പുറത്തുവന്നു. നന്ദകുമാർ വിവാദ വനിതയ്ക്കു 50 ലക്ഷം രൂപ നൽകിയാണ് കത്ത് കൈക്കലാക്കിയത്. ഈ തുക വാങ്ങാനും കത്ത് മുഖ്യമന്ത്രിക്ക് കൈമാറാനുമാണ് ദല്ലാൾ നന്ദകുമാർ അതീവസുരക്ഷാമേഖലയാക്കപ്പെട്ട സെക്രട്ടേറിയറ്റിലെത്തിയതെന്ന് ആരോപണമുയർന്നു കഴിഞ്ഞു. സിപിഎമ്മിന്റെ ശക്തമായ സമ്മർദം മൂലമാണ് ദല്ലാൾ നന്ദകുമാർ വിവാദ വനിതയ്ക്ക് പണം നൽകിയതെന്ന് സിബിഐ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഭരണം പിടിക്കാൻ സിപിഎം കണ്ടെത്തിയ നികൃഷ്ടമായ വഴിയായിരുന്നു ഇതെന്നും അദ്ദേഹം വിശദീകരിച്ചു.
സോളാർ കേസിന്റെ പ്രഭവകേന്ദ്രമായ കെ ബി ഗണേഷ് കുമാറിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് പ്രതികരണമില്ല. വിവാദ വനിതയെ ആറുമാസം തടവിലിട്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തിലിന് ശേഷവും ഗണേഷ് കുമാറിനെതിരേ നടപടിയില്ല. വേട്ടയാടലിൽ പ്രധാന പങ്കുവഹിച്ച മന്ത്രി സജി ചെറിയാൻ, എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തുടങ്ങിയവർക്കെതിരേയും നടപടിയില്ല. കേരള രാഷ്ട്രീയത്തെ അങ്ങേയറ്റം മലീമസമാക്കിയ സിപിഎമ്മിന്റെ മുഖംമൂടിയാണ് കൊഴിഞ്ഞു വീഴുന്നത്. അഴിമതിയിൽ മുങ്ങിക്കുളിക്കുകയും സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ അഴിമതിപ്പണം കുടുംബത്തിലേക്കു കൊണ്ടുപോകുകയും പച്ചക്കള്ളം തട്ടിവിടുകയും ചെയ്യുന്ന പിണറായി വിജയൻ മുഖ്യമന്ത്രിയെന്ന മഹനീയമായ സ്ഥാനത്തെ കളങ്കപ്പെടുത്തിയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Post Your Comments