Kerala

‘ സഹജീവികള്‍ക്ക് വേണ്ടി സ്വയം കത്തിയെരിയുന്ന സൂര്യന്‍’- പിണറായിയെ പുകഴ്ത്തി കെ കെ രാഗേഷ്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച കെ കെ രാഗേഷ്. ത്യാഗപൂര്‍ണ്ണമായ ജീവിതമാണ് അദ്ദേഹത്തിന്റേതെന്നും സഹജീവികള്‍ക്ക് വേണ്ടി കത്തിയെരിയുന്ന സൂര്യനാണ് പിണറായി വിജയന്‍ എന്നും കെ കെ രാഗേഷ് പറഞ്ഞു. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാകേഷ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

സിഎം ഓഫീസിലെ ഔദ്യോഗിക ചുമതല വെടിഞ്ഞു കണ്ണൂരിലേക്ക് വരുമ്പോൾ സഹപ്രവർത്തകർ പങ്കുവെച്ച ചില അഭിപ്രായങ്ങൾ ചിലർ ദുഷ്ടലാക്കോടെ വിവാദമാക്കുകയുണ്ടായല്ലോ. ഹ്രസ്വമായ ഒരു പ്രതികരണം ആ വിഷയത്തിൽ നേരത്തെ നടത്തിയിട്ടുണ്ട്. എന്നാൽ നാലുവർഷത്തെ ആ ഓഫീസിലെ പ്രവർത്തനത്തെപ്പറ്റി കുറച്ചധികം പറയാനുണ്ട് താനും. നേരവും കാലവും നോക്കാതെ, ഊണും ഉറക്കവും വെടിഞ്ഞ്, ഒരു നാടിന്റെ ഹൃദയം സ്പന്ദിക്കുന്ന ആ ഓഫീസിൽ ജോലിചെയ്ത കാലയളവ് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും സഫലമായ ഒന്നാണെന്ന്‌ ഞാൻ കരുതുന്നു.

1970 ഒക്ടോബറിൽ പിണറായി വിജയൻ നിയമസഭാംഗമായി തിരുവനന്തപുരത്തെത്തുമ്പോൾ ഞാൻ ജനിച്ചിരുന്നില്ല. കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച് എം.എൽ.എ. ആയ വിജയേട്ടന് അന്ന് 26 വയസ്സ്. പിന്നീട് 1977ലും 1991ലും 1996ലും 2016ലും എം.എൽ.എ.യായി. 1996ൽ ഇ.കെ. നായനാർ മന്ത്രിസഭയിൽ വിദ്യുച്ഛക്തി-സഹകരണ വകുപ്പ് മന്ത്രിയായി. ജീവിതപ്പാതയിലുടനീളം എണ്ണമറ്റ പോരാട്ടങ്ങൾ. ത്യാഗപൂർണ്ണമാണ്‌ ആ ജീവിതം. സഹജീവികൾക്ക് വേണ്ടി സ്വയംകത്തിയെരിയുന്ന സൂര്യൻ.

പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ കീഴിൽ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കുറച്ചുകാലം പ്രവർത്തിക്കാൻ കഴിഞ്ഞു എന്നത് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും അനുഭവസമ്പന്നമായ ഒരു കാലഘട്ടമായി ഞാൻ കാണുന്നു. ഓഫീസ് പ്രവർത്തനത്തിന്റെ ആദ്യനാളുകളിൽ തന്നെ എന്നോട് അദ്ദേഹം നിർദ്ദേശിച്ച ഒരു പ്രധാന കാര്യമുണ്ട്ണ്ട് — രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇവിടെ എത്തുന്നതെങ്കിലും മുഖ്യമന്ത്രി എന്നത് പാർട്ടി പ്രവർത്തകരുടെയും പാർട്ടി അനുഭാവികളുടെയും മാത്രമല്ല, എല്ലാവരുടേതുമാണ്. അത് മനസ്സിൽ വെച്ചുവേണം കാര്യങ്ങൾ ചെയ്യാൻ. കുറച്ചുദിവസങ്ങൾ കൊണ്ട് തന്നെ എനിക്കും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരികയായിരുന്നു.

ട്രാൻസ്ഫർ മുതലായ വിഷയങ്ങൾ സർവ്വീസ് സംഘടനകൾ വഴിയായിരുന്നു മുൻകാലങ്ങളിൽ നിയന്ത്രണം. ഭരണപക്ഷത്തുള്ള സർവീസ് സംഘടനകൾക്ക് പൂർണ്ണ നിയന്ത്രണമുള്ള ഒരു സംവിധാനം ആയിരുന്നു അതു. എന്നാൽ ഈ സർക്കാർ ഓൺലൈൻ ട്രാൻസ്ഫർ സംവിധാനം നടപ്പിലാക്കിയതോടുകൂടി അർഹതയുള്ളവർക്കെല്ലാം അത് പ്രാപ്യമായി. ഒരു ഭരണകർത്താവിന്റെ അടിയുറച്ച നീതിബോധം എങ്ങനെയൊക്കെയാണ് ഒരു സമൂഹത്തെ മാറ്റിമറിക്കുന്നതെന്ന് അപ്പോൾ ഞാൻ കാണാൻ തുടങ്ങിയിരുന്നു.

ആദ്യമായി എനിക്ക് ഫയൽ കൈമാറിയത് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഗോപനായിരുന്നു. ഏറ്റവും ലളിതമായി, കണ്ണടച്ച് കൈകാര്യം ചെയ്യാൻ പറ്റുന്ന ഡെപ്യൂട്ടേഷൻ ഫയലുകൾ. ഫയൽ നോക്കുന്നതിനിടയിൽ ആരുടേതാണ് ഡെപ്യൂട്ടേഷൻ എന്നൊക്കെ ഒരു രാഷ്ട്രീയപ്രവർത്തകന്റെ ശൈലിയിൽ പരിശോധിക്കാനല്ല തുനിഞ്ഞത്. രാഷ്ട്രീയമല്ല, മറിച്ച് മെറിട്ടും മാനദണ്ഡവു മാണ് നോക്കേണ്ടത് എന്ന സിഎംന്റെ നിര്‍ദ്ദേശം അന്ന് മുതലേ മനസ്സിലുറപ്പിച്ച് തുടങ്ങിയിരുന്നു. ശമ്പളസ്‌കെയിലും വർഷവും മാത്രമേ അത്തരം ഫയലുകളിൽ തിരയേണ്ടതുള്ളൂ എന്ന നിർദ്ദേശം പിണറായി വിജയന്‍ എന്ന ഭരണാധികാരിയിലെ നിറഞ്ഞ നീതിബോധം വരച്ച് കാട്ടുന്ന അനുഭവമായി. ചില അപവാദങ്ങൾ അങ്ങിങ്ങ് ഉണ്ടായപ്പോൾ, മന്ത്രിമാരെ തന്നെ നേരിട്ട് വിളിച്ച് ഇതല്ല സർക്കാരിന്റെ നയമെന്ന് തിരുത്തിക്കുമായിരുന്നു അദ്ദേഹം. വലതുപക്ഷസർക്കാരുകൾ കേരളം ഭരിച്ച സമയത്തൊക്കെ ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ള ജീവനക്കാർക്ക് വലിയരീതിയിൽ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിട്ടുള്ള ചരിത്രമൊക്കെ നമുക്ക് മുന്നിലുണ്ട്. എന്നാൽ ഒന്നാം എൽഡിഎഫ് സർക്കാറിന്റെ കാലത്ത് ആ സമീപനം മാറിയിട്ടുണ്ട്. രണ്ടാം സർക്കാർ വരുമ്പോഴേയ്ക്കും ഒരു തരത്തിലും വിവേചനം അനുഭവിക്കാത്ത ഒരു വിഭാഗമായി, നട്ടെല്ലുയർത്തി ജോലിചെയ്യാൻ സാധിക്കുന്ന രീതിയിൽ സർക്കാരുദ്യോഗസ്ഥരെ മാറ്റിയെന്നതാണ് നമ്മുടെ നേട്ടമെന്ന് സിഎം വിശദീകരിക്കുമായിരുന്നു.

നൂറുകണക്കിന് നിവേദനങ്ങളാണ് ഓരോ ദിവസവും ഓൺലൈൻ വഴിയും അല്ലാതെയും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിരുന്നത്. ഞങ്ങളാരും ഓരോ നിവേദനവും പദാനുപദം വായിച്ചിരുന്നില്ല. എന്നാൽ മുഖ്യമന്ത്രി അങ്ങനെയായിരുന്നില്ല. തനിക്ക് ലഭിക്കുന്ന നിവേദനങ്ങൾ ഒറ്റവരിപോലും വിട്ടുപോകാതെ വായിക്കും, അതിൽ എന്തുനടപടിയെടുക്കണം എന്ന വിശദമായ കുറിപ്പെഴുതി ഞങ്ങൾക്കു തരും! തന്നോട് സംസാരിക്കാനെത്തുന്ന ഓരോ ആളുടെയും വാക്കുകൾ സസൂക്ഷ്മം കേൾക്കുകയും അതിന്റെ അന്തഃസത്ത ഉൾക്കൊണ്ട് കുറിപ്പെഴുതി നടപടിയെടുക്കാൻ ഞങ്ങളെ ഏൽപിക്കുകയും ചെയ്യും. എന്നെ സംബന്ധിച്ച് ഇതെല്ലാം ആദ്യകാലത്തെ അത്ഭുതങ്ങളായിരുന്നു.

വികസന കാര്യങ്ങളിലേക്ക് വന്നാൽ, ഒരു പ്രൊഫഷണൽ എങ്ങനെയാണ് കാര്യങ്ങൾ പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതിന്റെ ഏറ്റവും വലിയ മാതൃകയാണ് ഞാനവിടെ കണ്ടത്. മുപ്പത്തിയേഴോളം വൻകിട പദ്ധതികൾ കേരളത്തിലുണ്ട്. അവയെല്ലാം മാസത്തിൽ ഒരു തവണ വെച്ച് മുഖ്യമന്ത്രി റിവ്യൂ ചെയ്യുന്നുണ്ട്. അധികമാർക്കും അറിയാത്ത കാര്യമാണത്. ഓരോ റിവ്യൂമീറ്റിങ്ങിലും ടാർഗറ്റ് എത്തിയോ എന്ന് പരിശോധിക്കുകയും വീഴ്ചകൾ വിശകലനം ചെയ്യുകയും ചെയ്യുന്നു. താരതമ്യേന ചെറുപ്പമായ ഞങ്ങളെപ്പോലുള്ളവരൊക്കെ ആ സ്പീഡിനൊപ്പം ഓടിയെത്താനാവാതെ കിതച്ചിട്ടുണ്ട് എന്നത് പറയാതിരിക്കാനാവില്ല! നവകേരളം എന്നത് എങ്ങനെയൊക്കെയാണ് സാധ്യമായിക്കൊണ്ടിരിക്കുന്നത് എന്നതിന് ഇതിൽപരം മികച്ച മറ്റൊരു പ്രചോദനം ഞങ്ങളുടെയൊക്കെ ടീമിന് ഇല്ലായിരുന്നു.

ഉദ്യോഗസ്ഥതലത്തിലുള്ള യോഗങ്ങളിൽ നിന്ന് ഉയർന്നുവരുന്ന അഭിപ്രായങ്ങൾ സൂക്ഷ്മതയോടെ കേട്ട് അവധാനതയോടെ അവ വിലയിരുത്തിക്കൊണ്ട് അന്തിമതീരുമാനത്തിലേക്കെത്തുന്ന ഒരു ശൈലിയാണ്‌ അദ്ദേഹത്തിന്റേത്. അവയിലൊക്കെ ദീർഘകാലത്തെ അനുഭവങ്ങളിലൂടെ ആർജ്ജിച്ച വെളിച്ചവും തെളിച്ചവുമുണ്ടായിരുന്നു. വർഗതാല്പര്യമുണ്ടായിരുന്നു. ഓരോ പദ്ധതികളിലും ആ സവിശേഷമായ കൈയ്യൊപ്പുണ്ടായിരുന്നു.

ക്ഷേമപ്രവർത്തനങ്ങൾക്കായിരുന്നു എന്നും അദ്ദേഹത്തിന്റെ സർക്കാർ മുൻഗണന കൊടുത്തത്. കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെക്കിഞെരുക്കി ട്രഷറിപൂട്ടിക്കുമെന്ന നിലയിലെത്തിച്ചപ്പോഴും മറ്റു പദ്ധതികൾക്കുള്ള ചെലവ് മാറ്റിവെച്ചുപോലും ക്ഷേമപ്രവർത്തനങ്ങൾ നിന്നുപോവാതെ, കാശിന്റെ മുടക്കം അനുഭവിപ്പിക്കാതെ സാധാരണക്കാരുടെ കണ്ണീരൊപ്പിയ ഒരു ഭരണാധികാരിയാണ്‌ അദ്ദേഹം. ഇടതുപക്ഷേതര സർക്കാരുകളുടെ അതിദരിദ്രരോടും അരിക് വൽക്കരിക്കപ്പെട്ടവരോടുമുള്ള നയം എന്തായിരുന്നു എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ, മന്ത്രിമാരെ വിളിച്ച് ആ മുൻഗണന എപ്പോഴും ഓർമിപ്പിക്കുന്നതിന് സാക്ഷികളായിരുന്നു ഞങ്ങളെല്ലാവരും.

പ്രതിസന്ധികളിൽ തളർന്നില്ല. കോവിഡും രണ്ടുതവണ പ്രളയവുമെല്ലാം കേരളത്തെ തകർത്തെറിഞ്ഞപ്പോൾ അതിനെ അതിജീവിച്ചു. ഏറ്റവുമൊടുവിൽ വയനാട് ദുരന്തമുണ്ടായപ്പോൾ ആ നേതൃത്വശേഷി നേരിട്ട് കണ്ടറിഞ്ഞു. വകുപ്പുകളെയെല്ലാം ഏകോപിപ്പിക്കുകയും അതിജീവനത്തിലേക്ക് ജനങ്ങളെ എത്തിക്കുകയും ചെയ്തതിന് ശേഷം മാത്രമേ വിശ്രമിക്കാവൂ എന്ന് തീരുമാനിച്ച അപൂർവ്വം ഭരണാധികാരികളിലൊരാളാണ്‌ അദ്ദേഹം. ജനങ്ങളിൽ ആത്മവിശ്വാസമുയർത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ഓരോ പത്രസമ്മേളനങ്ങളും പ്രതിസന്ധികളിൽ അവർക്ക് ആശ്രയമായി. ദുരന്തഭൂമികളിൽ ഫോട്ടോഷൂട്ട് നടത്തുന്ന ഭരണാധികാരികൾക്ക് കണ്ട് പഠിക്കാം, ആ ഇച്ഛാശക്തിയും നേതൃപാടവവും.

ഒരു ഭരണാധികാരിയുടെ കീഴിൽ കേരളം വിപ്ലവാത്മകമായി മാറിയെങ്കിൽ അതിനുള്ള കാരണം ഇതൊക്കെ തന്നെയാണ്. ആ പാഠപുസ്തകം മറിച്ചുനോക്കാൻ കഴിഞ്ഞതിൽ എനിക്കും അൽപമല്ലാത്ത അഭിമാനമുണ്ട്!

ഈ കുറിപ്പെഴുതുമ്പോള്‍ സി.എം. ഓഫീസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന നാളുകളില്‍ പിന്തുണയായി കൂടെനിന്ന മുഖങ്ങൾ മനസ്സിലേക്ക് ഒഴുകി എത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ എന്‍റെ സഹപ്രവര്‍ത്തകര്‍, ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍, എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button