ന്യൂഡൽഹി: ഡിഎംകെ നേതാക്കൾ സനാതന ധർമ്മത്തെ അവഹേളിച്ച് തുടർച്ചയായി പ്രസ്താവനകൾ നടത്തുന്നതിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ഇപ്പോൾ വിഷയത്തിൽ ഡിഎംകെയ്ക്കെതിരെ ആം ആദ്മിയും രംഗത്തെത്തി. ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ കുറിച്ച് നടത്തിയ പരാമർശത്തെ അപലപിച്ച് എഎപി നേതാവ് രാഘവ് ഛദ്ദ രംഗത്തെത്തി. ഏതെങ്കിലും പാർട്ടിയിൽ നിന്നുള്ള ചെറിയ നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ ഒരിക്കലും ഇൻഡിയ സഖ്യത്തിന്റെ ഔദ്യോഗിക നിലപാടായി കണക്കാക്കാനാകില്ലെന്ന് രാഘവ് ഛദ്ദ പറഞ്ഞു.
‘ഞാൻ സനാതന ധർമ്മത്തിൽ നിന്ന് വരുന്നയാളാണ്. അതുകൊണ്ട് തന്നെ സനാതന ധർമ്മത്തെ കുറിച്ച് അയാൾ നടത്തിയ പ്രസ്താവനകളെ ഞാൻ ശക്തമായി എതിർക്കുകയും അപലപിക്കുകയും ചെയ്യുകയാണ്. ഇത്തരം പ്രസ്താവനകൾ ഒരിക്കലും നടത്താൻ പാടുള്ളതല്ല. ഒരു മതത്തെക്കുറിച്ചും ഇത്തരം പരാമർശങ്ങൾ നടത്താൻ പാടില്ല. എല്ലാ മതങ്ങളേയും ബഹുമാനിക്കണമെന്നും” രാഘവ് ഛദ്ദ പറഞ്ഞു.
സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാനാണ് ഇൻഡിയ സഖ്യം രൂപീകരിച്ചതെന്നും ഡിഎംകെ നേതാക്കൾ പറഞ്ഞിരുന്നു. ആളുകൾക്കിടയിൽ ഭിന്നിപ്പും വിവേചനവും പ്രോത്സാഹിപ്പിക്കുന്നതിനാണ് സനാതന ധർമ്മത്തെ കുറ്റപ്പെടുത്തപ്പെടുത്തുന്നതെന്ന രൂക്ഷ വിമർശനവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു. ഇൻഡിയ സഖ്യത്തിന്റെ രഹസ്യ അജണ്ട ഇപ്പോൾ പരസ്യമായിരിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചിരുന്നു.
Post Your Comments