ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികനും കരസേനയുടെ നായയ്ക്കും വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. നാര്‍ല ഗ്രാമത്തില്‍ നടത്തിയ തിരച്ചിലിനിടെയുണ്ടായ വെടിവയ്പില്‍ കരസേനയുടെ കെന്റ് എന്ന് പേരുള്ള ആറ് വയസുള്ള നായയ്ക്കും ഒരു സൈനികനും വീരമൃത്യു വരിച്ചു. ഓപ്പറേഷന്‍ സുജലിഗല എന്ന് പേരിട്ട തിരച്ചില്‍ ഇന്ന് ഉച്ചയോടെയാണ് സൈന്യം ആരംഭിച്ചത്.

പ്രദേശത്ത് ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി ജമ്മു സോണ്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് മുകേഷ് സിംഗ് പറഞ്ഞു. ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്. പൊലീസ് നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം സംയുക്ത തിരച്ചില്‍ ആരംഭിച്ചത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേക്ക് കൂടുതല്‍ സൈന്യം എത്തുന്നുണ്ട്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്ന ഇന്ത്യന്‍ കരസേനയുടെ മൂന്നാമത്തെ നായയാണ് കെന്റ്.

കഴിഞ്ഞ വര്‍ഷം, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ ആക്സല്‍, സൂം എന്നീ നായകളും വീരമൃത്യു വരിച്ചിരുന്നു. ‘കശ്മീരിലെ നിശബ്ദ കാവല്‍ക്കാര്‍’ എന്ന് വിളിക്കപ്പെടുന്നവരാണ് സൈന്യത്തിലെ നായകള്‍. ജമ്മു കശ്മീരിലെ ഏത് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തിലും മുന്‍നിരയില്‍ ഇവരുണ്ടാകാറുണ്ട്. ഓപ്പറേഷന്‍ സമയത്ത്, ഒളിഞ്ഞിരിക്കുന്ന ഭീകരരുടെ സാന്നിധ്യവും സ്ഥലവും കണ്ടെത്താന്‍ പരിശീലനം ലഭിച്ചവരാണ് ഇവര്‍.

Share
Leave a Comment