Latest NewsIndiaNews

‘രാഖി കയ്യിൽ കെട്ടി രക്ഷാബന്ധൻ ആഘോഷിച്ചു’: അഭിമാനിക്കുന്ന ഹിന്ദുവാണ് താനെന്ന് ഋഷി സുനക്

ന്യൂഡൽഹി: 18-ാമത് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോകനേതാക്കൾ ഡൽഹിയിലെത്തി. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാകുന്നു. താൻ അഭിമാനിയായ ഹിന്ദുവാണെന്ന് അദ്ദേഹം പറഞ്ഞു. സമയം കിട്ടിയാൽ ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

‘ഹിന്ദു ആയതിൽ ഞാൻ അഭിമാനിക്കുന്നു. അങ്ങനെയാണ് ഞാൻ വളർന്നത്. അതാണ് ഞാൻ. അടുത്ത രണ്ട് ദിവസത്തേക്ക് ഞാൻ ഇവിടെ ഉണ്ടാകും. ഈ അവസരത്തിൽ സമയം കിട്ടിയാൽ ചില ക്ഷേത്രങ്ങൾ സന്ദർശിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. രാഖി കയ്യിൽ കെട്ടി രക്ഷാബന്ധൻ ആഘോഷിച്ചു. എന്നാൽ, ജന്മാഷ്ടമി ആഘോഷിക്കാൻ സാധിച്ചില്ല. ക്ഷേത്ര ദർശനത്തിലൂടെ അതിന് പരിഹാരം കാണാൻ കഴിയും എന്നാണ് കരുതുന്നത്. ജീവിതത്തിൽ എല്ലാവരേയും സഹായിക്കുന്ന ഒന്നാണ് വിശ്വാസം എന്ന് ഞാൻ കരുതുന്നു. പ്രത്യേകിച്ചും എന്നെപ്പോലെ ഈ സമ്മർദപൂരിതമായ ജോലികൾ ചെയ്യുമ്പോൾ വിശ്വാസം ഒരു കൂട്ടാണ്. നിങ്ങൾക്ക് സഹിഷ്ണുത നൽകാനും നിങ്ങൾക്ക് ശക്തി നൽകാനും വിശ്വാസത്തിന് സാധിക്കും’, സുനക് കൂട്ടിച്ചേർത്തു.

അതേസമയം, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷതാ മൂർത്തിയും വെള്ളിയാഴ്ച ന്യൂഡൽഹിയിലെ പാലം വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബെ ‘ജയ് ശ്രീ റാം’ വിളിച്ചായിരുന്നു അവരെ സ്വീകരിച്ചത്. ഋഷി സുനക്കിനും ഭാര്യ അക്ഷതാ മൂർത്തിക്കും ഭഗവദ് ഗീതയുടെയും ഹനുമാൻ ചാലിസയുടെയും പകർപ്പും രുദ്രാക്ഷവും അദ്ദേഹം സമ്മാനിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button