ഡൽഹി: രാജ്യത്തിൻറെ പേരുമാറ്റുന്നതയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടയില്‍, ജി 20 ഉച്ചകോടിക്ക് മുന്നോടിയായി സര്‍ക്കാര്‍ രണ്ട് ലഘുലേഖകള്‍ പുറത്തിറക്കി. ‘ഭാരത്, ജനാധിപത്യത്തിന്റെ മാതാവ്’ എന്നാണ് ഒരു ലഘുലേഖയ്ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്. വിശിഷ്ട വ്യക്തികള്‍ക്ക് കൈമാറുന്ന ലഘുലേഖയില്‍ ‘ഭാരത്’ എന്നത് രാജ്യത്തിന്റെ ഔദ്യോഗിക നാമമാണെന്നും ഭരണഘടനയിലും 1946-48 കാലത്തെ ചര്‍ച്ചകളിലും ഇത് പരാമര്‍ശിച്ചിരിക്കുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഭാരതത്തില്‍, അതായത് ഇന്ത്യയില്‍, ആദ്യകാലം മുതല്‍ ഭരണ കാര്യങ്ങളില്‍ ജനങ്ങളുടെ സമ്മതം തേടിയിരുന്നതായി 26 പേജുകള്‍ ഉള്‍ക്കൊള്ളുന്ന ലഘുലേഖയില്‍ പറയുന്നു. പുരാതന കാലഘട്ടം മുതല്‍ ഇന്നുവരെയുള്ള ‘ഭാരതത്തിന്റെ ജനാധിപത്യ ധാര്‍മ്മികത’, മതങ്ങള്‍, ഇതിഹാസങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ ഇതിൽ ഉദ്ധരിച്ചിട്ടുണ്ട്.
‘ഇന്ത്യന്‍ ധാര്‍മ്മികതയനുസരിച്ച്, ജനാധിപത്യത്തില്‍ ഐക്യം, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ഒന്നിലധികം ചിന്തകള്‍ മുന്നോട്ട് കൊണ്ടുപോകാനുളള സ്വാതന്ത്ര്യം, സ്വീകാര്യത, സമത്വം, ജനങ്ങളുടെ ക്ഷേമത്തിനായുള്ള ഭരണം തുടങ്ങിയ മൂല്യങ്ങള്‍ ഉള്‍പ്പെടുന്നു എന്നും ഇവയെല്ലാം അതിന്റെ പൗരന്മാരെ മാന്യമായ ജീവിതം നയിക്കാന്‍ അനുവദിക്കുന്നു എന്നും ലഘുലേഖയില്‍ പറയുന്നു.
ഋഗ്വേദത്തില്‍ നിന്നുള്ള ഒരു ശ്ലോകവും ഇതില്‍ ഉള്‍പ്പെടുന്നു. തുടര്‍ന്ന് രാമായണത്തിലെയും മഹാഭാരതത്തിലെയും ജനാധിപത്യ ഘടകങ്ങളുടെ ഉദാഹരണങ്ങളെക്കുറിച്ച് ഇതില്‍ പ്രതിപാദിക്കുന്നു. രാമായണത്തില്‍, ശ്രീരാമനെ പിതാവായ ദശരഥന്‍ രാജാവായി തിരഞ്ഞെടുത്തത് മന്ത്രിമാരുടെയും ജനങ്ങളുടെയും അംഗീകാരം തേടിയതിനെ തുടര്‍ന്നാണെന്ന് ലഘുലേഖയില്‍ വ്യക്തമാക്കുന്നു.
മഹാഭാരതത്തില്‍, മരണാസന്നനായ ഭീഷ്മര്‍, യുധിഷ്ടിരന് സദ്ഭരണത്തിന്റെ അറിവുകള്‍ പകര്‍ന്നു നല്‍കിയെന്നും ഇത് ജനങ്ങളുടെ സമൃദ്ധിയും സന്തോഷവും സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു എന്നും ലഘുലേഖയില്‍ പറയുന്നു.
Post Your Comments