
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1ന്റെ വിക്ഷേപണം ഇന്ന് നടക്കും. പിഎസ്എൽവി സി 57 ആണ് വിക്ഷേപണ വാഹനത്തിൽ ആണ് ഇന്ത്യ സൂര്യനില്‍ എത്തുക. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50നാണ് വിക്ഷേപണം. വിക്ഷേപണത്തിനുള്ള 23 മണിക്കൂർ 40 മിനുട്ട് കൗണ്ട് ഡൗൺ ഇന്നലെ ഉച്ചയ്ക്ക് 12.10ന് ശ്രീഹരിക്കോട്ടയിൽ തുടങ്ങി.
ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എൽ വണ്ണിന് ചുറ്റമുള്ള ഹാലോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. സൂര്യന്റെ കൊറോണയെ പറ്റിയും കാന്തികമണ്ഡലത്തെ പറ്റിയും സൂര്യസ്ഫോടനങ്ങളെ പറ്റിയും കൂടുതൽ വിവരങ്ങൾ ആദിത്യയിലൂടെ മനസിലാക്കാൻ പറ്റുമെന്നാണ് പ്രതീക്ഷ.
ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലാണ് പേടകത്തെ സ്ഥാപിക്കുക. ഭൂമിയുടെ സഞ്ചാരത്തിനൊപ്പം ലഗ്രാഞ്ച് പോയിന്‍റും മാറുന്നതിനാൽ 365 ദിവസം കൊണ്ട് ആദിത്യ എൽ വണ്ണും സൂര്യനെ ചുറ്റി വരും. ഏഴ് പേ ലോഡുകളാണ് ആദിത്യ എൽ വണ്ണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അതിൽ നാലെണ്ണം റിമോട്ട് സെൻസിങ്ങ് ഉപകരണങ്ങളാണ്. സൂര്യന്റെ കൊറോണയെ പഠിക്കാനുള്ള വിസിബിൾ എമിഷൻ ലൈൻ കൊറോണോഗ്രാഫ് അഥവാ VELC ആണ് ഒന്നാമത്തേത്.
ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സാണ് ഈ ഉപകരണം നിർമ്മിച്ചത്. സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് അഥവാ SUIT ആണ് രണ്ടാമത്തെ ഉപഗ്രഹം. പൂനെയിലെ ഇന്‍റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോ ഫിസിക്സാണ് സ്യൂട്ടിന്റെ പിന്നിൽ. സൂര്യനിൽ നിന്നുള്ള എക്സ് റേ തരംഗങ്ങളെ പഠിക്കാനുള്ള സോളാർ ലോ എൻർജി എക്സ് റേ സ്പെക്ട്രോ മീറ്റർ അഥവാ SoLEXS, ഹൈ എനർജി എൽ വൺ ഓർബിറ്റിങ്ങ് എക്സ് റേ സ്പെക്ട്രോമീറ്റർ അഥവാ HEL1OS എന്നിവയാണ് മറ്റ് രണ്ട് പേ ലോഡുകൾ.
സൂര്യന്റെയും ഭൂമിയുടെ ഗുരുത്വാകർഷണ ബലം ഏകദേശം തുല്യമായി അനുഭവപ്പെടുന്ന ഇടമാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ്. സൗരാന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെയും (സോളാർ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനാണ് ആദിത്യ-എൽ1 ബഹിരാകാശ പേടകം വിക്ഷേപിക്കുന്നത്. സൗരവാതങ്ങളെക്കുറിച്ചും ദൗത്യത്തിൽ വിശദമായി പഠിക്കും. ഭൂമിയുടെ കാലാവസ്ഥയിൽ സൂര്യന്റെ സ്വാധീനം മനസ്സിലാക്കാൻ ദൗത്യത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റർ ആണെങ്കിലും 15 ലക്ഷം കിലോമീറ്ററാണ് ആദിത്യ എൽ-1 സഞ്ചരിക്കുക.
Post Your Comments