തിരുവനന്തപുരം: കല്ലമ്പലത്ത് മധ്യവയസ്‌കനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പിന്നില്‍ മണല്‍മാഫിയ സംഘമാണെന്നും പൊലീസ് വ്യക്തമാക്കി. മണല്‍ മാഫിയ സംഘത്തിന്റെ പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന്റെ പേരിലാണ് ഗൃഹനാഥനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റു ചെയ്തു.
Read Also: ഖത്തറില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി
ബൈജുവിനെ പ്രതികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കൊലപാതകത്തില്‍ തുമ്പുണ്ടായത്. കഴിഞ്ഞ 28നാണ് മണമ്പൂര്‍ ശങ്കരന്‍മുക്ക് ശിവശൈലം വീട്ടില്‍ ബൈജുവിനെ വീടിന്റെ മുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ബൈജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ബൈജുവിന്റെ തലയ്ക്കു പിന്നില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത കടയ്ക്കാവൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.
മണമ്പൂര്‍ സ്വദേശികളായ റിനു, ഷൈബു, അനീഷ്, വിശാഖ് എന്നിവരാണ് ബൈജുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായത്. മണമ്പൂര്‍ ജംഗ്ഷനു സമീപം ജെസിബിയും ടിപ്പര്‍ ലോറികളും പാര്‍ക്ക് ചെയ്യുന്ന പതിവുണ്ട്. രാത്രിയായാല്‍ ഇവിടെ ജെസിബിയുടെയും ടിപ്പര്‍ ലോറികളുടെയും ഡ്രൈവര്‍മാര്‍ പരസ്യമായി മദ്യപിക്കുന്നത് പതിവാണ്. ഇത് ബൈജു ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പുറത്തുവരുന്ന വിവരം. പരസ്യ മദ്യപാനവുമായി ബന്ധപ്പെട്ട് പ്രതികളുമായി ബൈജു നടത്തിയ വാക്ക് തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
സ്ത്രീകളും കുട്ടികളും താമസിക്കുന്ന സ്ഥലത്ത് പരസ്യമായ മദ്യപാനം ശരിയല്ലെന്ന് ബൈജു പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. തുടര്‍ന്ന് പ്രതികള്‍ ബൈജുവുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിയുകയും ചെയ്തിരുന്നു. പ്രതികള്‍ ബൈജുവിനെ മര്‍ദ്ദിക്കുകയും അബോധാവസ്ഥയിലായ ബൈജുവിനെ വീടിനുമുന്നില്‍ ഉപേക്ഷിച്ച് കടന്നു കളയുകയുമായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. പ്രതികള്‍ ബൈജുവിനെ വീടിനു മുന്നില്‍ കൊണ്ടിടുന്നതും അതിനുശേഷം വീണ്ടും അവിടെയെത്തി ഒന്നുകൂടി നിരീക്ഷിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments