ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭാഗമായ അരുണാചല്‍ പ്രദേശ് അടക്കം ഉള്‍പ്പെടുത്തി ചൈന പുറത്തുവിട്ട ഭൂപടത്തിന് എതിരായി ഇന്ത്യയുടെ പ്രതിഷേധം തുടരുന്നതിനിടെ, ചൈനീസ് അതിര്‍ത്തിയില്‍ വ്യോമാഭ്യാസം നടത്താന്‍ ഒരുങ്ങി ഇന്ത്യ. ജി 20 ഉച്ചകോടിക്കിടെ വടക്കന്‍ മേഖലയില്‍ വ്യോമാഭ്യാസ ശക്തിപ്രകടനം നടത്താനാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്.
ത്രിശൂല്‍ എന്ന പേരിലാണ് ശക്തിപ്രകടനം. സെപ്റ്റംബര്‍ നാലുമുതല്‍ 14 വരെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന വ്യോമാഭ്യാസ പ്രകടനമാണ് നിശ്ചയിച്ചിരിക്കുന്നത്. ചൈനയ്ക്ക് പുറമേ പാകിസ്ഥാന്‍ അതിര്‍ത്തിയിലും ശക്തിപ്രകടനം നടത്തും. ഇന്ത്യയുടെ മുന്‍നിര യുദ്ധവിമാനങ്ങളാണ് ഇതില്‍ അണിനിരക്കുക. വ്യോമസേനയുടെ പടിഞ്ഞാറന്‍ കമാന്‍ഡാണ് ഇത് സംഘടിപ്പിക്കുന്നത്.
അതിര്‍ത്തിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ചൈനയുമായി തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ശക്തിപ്രകടനം. അടുത്തകാലത്തായി സംഘടിപ്പിച്ച വ്യോമാഭ്യാസ പ്രകടനങ്ങളില്‍ മികച്ചതാക്കാന്‍ ലക്ഷ്യമിട്ടാണ് വ്യോമസേനയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
റഫാല്‍, മിറാഷ് 2000, സുഖോയ്, മിഗ് 29 തുടങ്ങി വ്യോമസേനയുടെ യുദ്ധവിമാനങ്ങളില്‍ മുന്‍നിരയിലുള്ളവയാണ് ശക്തിപ്രകടനത്തിന്റെ ഭാഗമാകുക. ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് എയര്‍ബേസുകളെ ഉള്‍പ്പെടുത്തിയാണ് ശക്തിപ്രകടനം നടത്തുക.
Leave a Comment