Latest NewsKeralaNews

20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം: സാമ്പത്തിക പ്രതിസന്ധിയിലും മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്റ്റർ, വാടകക്കെടുക്കും

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ യാത്രാവശ്യങ്ങൾക്കായി വീണ്ടും ഹെലികോപ്‌റ്റർ വാടകയ്ക്കെടുക്കുന്നു. ഇതിനായി മാസം 80 ലക്ഷം രൂപയ്ക്ക്‌ സ്വകാര്യകമ്പനിയുമായി കരാറൊപ്പിടും. രണ്ടാഴ്ചയ്ക്കകം പൈലറ്റ് അടക്കം 11 പേർക്ക് യാത്രചെയ്യാവുന്ന ഹെലികോപ്റ്റർ തലസ്ഥാനത്ത് എത്തിയേക്കും.

മാവോവാദി നിരീക്ഷണം, ദുരിതാശ്വാസ പ്രവർത്തനം തുടങ്ങി പോലീസിന്റെ ആവശ്യങ്ങൾക്കായാണ് ഹെലികോപ്‌റ്റർ വാടകയ്ക്ക് എടുക്കുന്നതെന്നാണ് വിശദീകരണം. എന്നാൽ, മുഖ്യമന്ത്രിയുടെ അടിയന്തര യാത്രാ ആവശ്യങ്ങൾക്കുകൂടി ഉപയോഗിക്കുകയാണ് ലക്ഷ്യം. ഡൽഹി ആസ്ഥാനമായ ചിപ്‌സൺ ഏവിയേഷനിൽ നിന്നാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്. 20 മണിക്കൂർ പറക്കാനാണ് 80 ലക്ഷം രൂപ. അധികമുള്ള ഓരോ മണിക്കൂറിനും 90,000 രൂപ അധികവും നൽകണം.

അതേസമയം, സംസ്ഥാനം സാമ്പത്തികപ്രതിസന്ധിയിൽ നട്ടംതിരിയുമ്പോൾ ലക്ഷങ്ങൾമുടക്കി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതിനെതിരേ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുവന്നു. സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ ധന പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അങ്ങേയറ്റം ബുദ്ധിമുട്ടിയാണ് സർക്കാരിൻ്റെ ദൈനംദിന ചെലവുകൾക്കുള്ള പണം പോലും കണ്ടെത്തുന്നത്. ഈ സാഹചര്യത്തിലും പ്രതിമാസം 80 ലക്ഷം രൂപ ചെലവിൽ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത് ധൂർത്തിന്റെ അങ്ങേയറ്റമാണെന്ന് അദ്ദേഹം വിമർശിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ യാത്രക്കും പൊലീസിനുമായി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള തീരുമാനം ധൂർത്തും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും വിമര്‍ശിച്ചു. ഓണം ഉണ്ണാൻ പോലും ജനം ബുദ്ധിമുട്ടുമ്പോൾ കോടികൾ മുടക്കി മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പറക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button