
ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപിക്കാൻ ഇനി ദിവസങ്ങൾ മാത്രം. വിക്ഷേപണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് അറിയിച്ചു. റിഹേഴ്‌സൽ പൂർത്തിയായതായും നാളെ കൗണ്ട് ഡൗൺ ആരംഭിക്കുമെന്നും എസ്. സോമനാഥ് പറഞ്ഞു. റോക്കറ്റും സാറ്റലൈറ്റും തയാറാണെന്നും അദ്ദേഹം അറിയിച്ചു. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും സെപ്റ്റംബർ രണ്ടിന് രാവിലെ 11.50-ന് വിക്ഷേപിക്കും. പിഎസ്എൽവി റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുക. സൂര്യന്റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങൾ കണ്ടെത്തുക, സൗരകൊടുങ്കാറ്റിന്റെ ഫലങ്ങൾ എന്തെല്ലാമെന്ന് വിലയിരുത്തുക തുടങ്ങിയവയെ ആദിത്യ എൽ 1 ന്റെ കടമ. സെപ്തംബർ 2-ന് രാവിലെ 11:50-നാണ് ആദിത്യ എൽ 1 സൂര്യനെ ലക്ഷ്യമാക്കി കുതിച്ചുയരുക. 5 വർഷവും 2 മാസവും നീണ്ടുനിൽക്കുന്ന സ്പേസ് ഒബ്സർവേറ്ററി ദൗത്യം വിജയിച്ചാൽ, സൂര്യപര്യവേക്ഷണം നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
നാല് മാസം അഥവാ 125 ദിവസങ്ങൾ എടുത്താണ് ആദിത്യ എൽ 1 ഭൂനിരപ്പിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാജിയൻ പോയിന്റായ എൽ1-ലേക്ക് എത്തിച്ചേരുകയുള്ളൂ. ഈ പോയിന്റിൽ നിന്നും തടസങ്ങൾ ഇല്ലാതെ മുഴുവൻ സമയവും സൂര്യനെ നിരീക്ഷിക്കാൻ സാധിക്കുമെന്നാണ് പ്രത്യേകത. അതേസമയം, 2024 ഓടെ മാത്രമാണ് പേടകം ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുകയുള്ളൂ. സൂര്യനിൽ നിന്നും എത്തുന്ന വികിരണങ്ങളെ കുറിച്ചുള്ള പഠനമാണ് ആദിത്യ ലക്ഷ്യം വയ്ക്കുന്നത്. ഏകദേശം 378 കോടി രൂപ രൂപയാണ് ഈ ദൗത്യത്തിനായി ചെലവഴിക്കുന്നത്.
Post Your Comments