
ബെംഗളൂരു: വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണദ്രുവത്തിൽ കാൽ കുത്തിയ ഇടം ഇനി ‘ശിവശക്തി’ എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ചന്ദ്രയാൻ 3 ചരിത്ര വിജയത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ ബെംഗളൂരുവിലെത്തി നേരിൽ കണ്ട് അഭിനന്ദിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ശിവൻ മനുഷ്യകുലത്തിന്റെ നന്മയുടെ പ്രതീകമാണ്. ശക്തി അതിനുള്ള കരുത്ത് നമുക്ക് നൽകുന്നു എന്ന് മോദി പറഞ്ഞു. ചന്ദ്രയാൻ രണ്ടിന്റെ കാൽപ്പാടുകൾ പതിപ്പിച്ച ചന്ദ്രോപരിതലത്തിലെ സ്ഥലം ‘തിരംഗ’ അറിയപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ഞാൻ ഗ്രീസിലും ദക്ഷിണാഫ്രിക്കയിലുമായിരുന്നു. എന്നാൽ എന്റെ മനസ്സ് നിങ്ങൾക്കൊപ്പമായിരുന്നു. ഇന്ത്യ ചന്ദ്രനോളമെത്തി, നമ്മുടെ ദേശീയ പ്രൗഢി ചന്ദ്രനോളം ഉയർന്നു. ലോകത്ത് ശാസ്ത്രത്തിലും ഭാവിയിലും വിശ്വസിക്കുന്ന എല്ലാ മനുഷ്യരും ഇന്ത്യയുടെ നേട്ടത്തിൽ സന്തോഷിക്കും. വലിയ ശാസ്ത്ര സമസ്യകൾ പരിഹരിക്കാൻ ഇന്ത്യയ്ക്ക് കഴിയും. ഇത് വെറും നേട്ടമല്ല, ബഹിരാകാശത്ത് ഇന്ത്യയുടെ ശംഖനാദമാണ്. രാജ്യം ആഘോഷാരവം മുഴക്കിയ നിമിഷം എങ്ങനെ മറക്കും. ഒരോ ഇന്ത്യക്കാരനും സ്വന്തം നേട്ടം പോലെ ഇത് ആഘോഷിച്ചു
ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കി(ഇസ്ട്രാക്)ൽ എത്തിയ മോദിയെ ഐഎസ്ആർഒ മേധാവി എസ്.സോമനാഥ് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ഗ്രീസ് സന്ദർശനം പൂർത്തിയാക്കി നേരിട്ടു ബെംഗളൂരുവിലേക്ക് എത്തുകയായിരുന്നു. ഇസ്രോയുടെ ശാസ്ത്രനേട്ടത്തിൽ അഭിമാനമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ സമർപ്പണവും അഭിനിവേശവുമാണ് ബഹിരാകാശ മേഖലയിൽ രാജ്യത്തിന്റെ നേട്ടങ്ങൾക്കു പിന്നിലെ ചാലകശക്തിയെന്ന് മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചിരുന്നു. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ പുരോഗതിയെ കുറിച്ച് ശാസ്ത്രജ്ഞർ പ്രധാനമന്ത്രിയെ അറിയിക്കും.
Post Your Comments